Site icon Malayalam News Live

ലോക്സഭയിൽ ഇന്നും നാടകീയ രംഗങ്ങൾ; നരവനെയുടെ പുസ്തകം വീണ്ടും പരാമർശിച്ച് രാഹുൽ ഗാന്ധി

ഇന്ത്യ-ചൈന സംഘർഷം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേജർ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകത്തെക്കുറിച്ച് പരാമർശിക്കുന്ന ലേഖനം ഉയർത്തിക്കാട്ടിയാണ് രാഹുൽ സംസാരിച്ചത്. ലേഖനത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും തന്റെ ലക്ഷ്യം വസ്തുതകൾ അറിയിക്കുക എന്നത് മാത്രമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. രാഹുൽ സംസാരിക്കുമ്പോഴും ഭരണപക്ഷം ബഹളം വെക്കുകയായിരുന്നു. ഇതിനോട് തനിക്ക് പ്രസംഗിക്കാൻ ആരുടെ അനുമതിയാണ് വേണ്ടതെന്നും താൻ പ്രതിപക്ഷ നേതാവാണെന്നും രാഹുൽ പറഞ്ഞു. ഇതിനിടെ കോൺഗ്രസ് അംഗങ്ങൾ മോശം വാക്ക് ഉപയോഗിച്ചെന്ന് സ്പീക്കർ ആരോപിച്ചു.

ഇന്ത്യ-അമേരിക്ക വ്യാപാരകരാറിനെയും രാഹുൽ വിമർശിച്ചു. പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തുവെന്നും നരേന്ദ്രമോദി കരാർ ഒപ്പിട്ടത് വളരെയധികം സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും രാഹുൽ പറഞ്ഞു. കരാറിലെന്താണ് ഉളളതെന്ന് ജനങ്ങള്‍ക്കറിയണം. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയും രാജ്യത്തെ കര്‍ഷകരും വലിയ ഭീഷണിയിലെന്നും രാഹുല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസവും രാഹുൽ ഗാന്ധി ലോക്‌സഭയില്‍ ഇന്ത്യ-ചൈന പ്രശ്‌നം ഉന്നയിച്ചിരുന്നു. ജനറല്‍ നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശമായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇതിനെതിരെ രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയവർ രംഗത്തുവന്നിരുന്നു. രാഹുലിന്റെ പ്രസംഗം തടയുകയും പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ സഭയില്‍ ഉന്നയിക്കാനാകില്ലെന്നും പറഞ്ഞാണ് ബിജെപി പ്രതിരോധിച്ചത്.

Exit mobile version