Site icon Malayalam News Live

പശ്ചിമേഷ്യയില്‍ യുദ്ധം കനത്താല്‍ അത് ഇന്ത്യയെ കാര്യമായി ബാധിക്കുമോ? ബാധിക്കുമെങ്കില്‍ അത് ഏത് രീതിയിൽ?യുദ്ധത്തിലേക്ക് കടന്നാല്‍ എണ്ണവില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സാമ്പത്തിക വിദഗ്‌ധർ; ദുരിതം മദ്ധ്യവര്‍ഗ കുടുംബങ്ങള്‍ക്ക്, എല്ലാം താളം തെറ്റും..!

ഡല്‍ഹി: ഇസ്രയേലും ഇറാനും തമ്മില്‍ യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ഇന്ത്യയെ കാര്യമായി ബാധിക്കുമോ, ബാധിക്കുമെങ്കില്‍ അത് ഏത് രീതിയിലൊക്കെ ആയിരിക്കും?

ഭൂരിപക്ഷം പേരുടെയും ചാേദ്യം ഇതായിരിക്കും. യുദ്ധമുണ്ടായാല്‍ അത് ഇന്ത്യയെ കാര്യമായിത്തന്നെ ബാധിക്കും എന്നാണ് സാമ്പത്തിക വിദഗ്‌ധർ ഈ ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ നല്‍കുന്ന ഉത്തരം. എണ്ണ, പ്രകൃതിവാതക ഇറക്കുമതിയെ യുദ്ധം പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വിലക്കയറ്റത്തിനും സാന്മത്തിക മുരടിപ്പിനും ഇടയാക്കിയേക്കും എന്നും അവർ പറയുന്നു. ഇറാൻ ഇസ്രയേലിനുമേല്‍ കഴിഞ്ഞദിവസം മിസൈല്‍ വർഷം നടത്തിയതോടെയാണ് പശ്ചിമേഷ്യൻ മേഖലയില്‍ യുദ്ധസാഹചര്യം കടുത്തത്. ഇതിന് തൊട്ടുപിന്നാലെ തന്നെ എണ്ണവിലയില്‍ ആഗോളതലത്തില്‍ കാര്യമായ വർദ്ധനവുണ്ടാവുകയും ചെയ്തു. യുദ്ധത്തിലേക്ക് കടന്നാല്‍ എണ്ണവില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈവിട്ടുപോകും എന്നതിന് വ്യക്തമായ തെളിവാണിത്.

എണ്ണവില കുതിച്ചുയരും

റഷ്യയും യുക്രെയിനുമായി യുദ്ധമുണ്ടായപ്പോള്‍ യൂറോപ്യൻ യൂണിയൻ ഉള്‍പ്പെടെ റഷ്യൻ എണ്ണയ്ക്ക് നിരോധനം ഏർപ്പെടുത്തി. കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങി. എണ്ണ വില്‍ക്കേണ്ടത് റഷ്യയുടെ ആവശ്യം ആയതിനാല്‍ കുറഞ്ഞവിലയ്ക്കുതന്നെ അവർ ഇന്ത്യയ്ക്ക് വിറ്റു. വൻതോതിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കൊണ്ടിരുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള ചിലർ കണ്ണുരുട്ടിയെങ്കിലും അതൊന്നും കാര്യമാക്കാതെ ഇന്ത്യ ഇറക്കുമതി തുടർന്നു. തുടർച്ചയായ വളർച്ചയ്ക്കുശേഷം റഷ്യൻ എണ്ണ ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടാകുന്നതാണ് ഇക്കഴിഞ്ഞ ഓഗസ്റ്റുമുതല്‍ കാണാൻ കഴിയുന്നത്. ഓഗസ്റ്റില്‍ റഷ്യൻ എണ്ണയുടെ ഇറക്കുമതി മുപ്പത്താറുശതമാനം കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ജൂലായില്‍ രാജ്യത്തെ മൊത്തം എണ്ണ ഇറക്കുമതിയുടെ 44 ശതമാനവും റഷ്യൻ എണ്ണയായിരുന്നു.

റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറഞ്ഞതോടെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി വിഹിതം കൂടി. ജൂലായില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 40.3 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അത് 44.6 ശതമാനമായി ഉയർന്നു. ഇറാക്ക്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീരാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മിഡില്‍ ഈസ്റ്റില്‍ നിന്ന് പ്രധാനമായും എണ്ണ നല്‍കുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍എൻജി) ഇന്ത്യയുടെ പ്രധാന വിതരണക്കരാർ ഖത്തറുമായാണ്. എല്‍എൻജി ഇറക്കുമതി ഇരുപതുവർഷംകൂടി നീട്ടുന്നതിനായി ഖത്തറുമായി 78 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഇന്ത്യ ഒപ്പിടുകയും ചെയ്തിരുന്നു.

കപ്പലുകള്‍ക്ക് വഴിയടയും

റഷ്യയില്‍ നിന്നായാലും മിഡില്‍ ഈസ്റ്റില്‍ നിന്നായാലും എണ്ണ ഇന്ത്യയിലേക്ക് എത്തിക്കുന്നത് സമുദ്രമാർഗം വഴിയാണ്. ചെങ്കടലും, ഹോർമൂസ് കടലിടുക്കും വഴിയാണ് ഇന്ത്യയിലേക്ക് എണ്ണ എത്തുന്നത്. റഷ്യൻ എണ്ണ ചെങ്കടല്‍ പാതയിലൂടെ ഇന്ത്യയിലെത്തുമ്ബോള്‍ ഹോർമൂസ് കടലിടുക്കിലൂടെയാണ് ഖത്തറില്‍ നിന്നുള്ള എല്‍എൻജിയും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണയും എത്തുന്നത്. യുദ്ധം ആരംഭിച്ചാല്‍ ഈ റൂട്ടുകളിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടാൻ സാദ്ധ്യത ഏറെയാണെന്നാണ് വിദഗ്‌ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ എണ്ണ, പ്രകൃതി വാതക ഇറക്കുമതിയില്‍ കാര്യമായ കാലതാമസമുണ്ടാവുകയും അത് ആഗോള തലത്തില്‍ തന്നെ എണ്ണവിലയില്‍ വർദ്ധനവിന് ഇടയാക്കുകയും ചെയ്യും. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും എൻഎല്‍ജിയുടെ പകുതിയും ഹോർമൂസ് വഴിയാണെന്നതാണ് കടുത്ത ആശങ്ക ഉയർത്തുന്നത്.

എണ്ണവില കൂടിയാല്‍ ഇന്ത്യയുടെ മദ്ധ്യവർഗത്തെയാവും കൂടുതലായും ബാധിക്കുക. എണ്ണ വിതരണത്തില്‍ ഏതെങ്കിലും തരത്തിലുണ്ടാകുന്ന ചെറിയൊരു തടസംപോലും പണപ്പെരുപ്പത്തിലേക്ക് നയിച്ചേക്കാം. ഇത് പലിശനിരക്ക് ഉയർന്ന നിലയില്‍ തന്നെ നിലനിറുത്താൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കും. ഇതും കൂടുതല്‍ ബാധിക്കുക മദ്ധ്യവർഗത്തെതന്നെയാവും.

Exit mobile version