വടക്കന്‍ ഗാസയിലേക്ക് ഇസ്രായേൽ സൈന്യം; 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്; ഹമാസിന്‍റെ പിടിയിലുള്ളത് 150ലധികം ബന്ദികൾ; ആഷ്കലോണില്‍ റോക്കറ്റാക്രമണം

ടെല്‍ അവീവ്: വടക്കന്‍ ഗാസയിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം സജ്ജമായിരിക്കെ 13 ബന്ദികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ട് ഹമാസ്.

ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിലാണ് 13 ബന്ദികളും കൊല്ലപ്പെട്ടതെന്നും ഹമാസ് അവകാശപ്പെട്ടു. 150ലധികം ബന്ദികളാണ് ഹമാസിന്‍റെ പിടിയിലുള്ളത്.

കൊല്ലപ്പെട്ട ബന്ദികളില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്തീൻ പ്രസിഡൻറ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.

ഇതിനിടെ, ഇസ്രയേലിലെ അഷ്കലോണിനെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റാക്രമണം ഉണ്ടായി. ഇതുവരെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു.

13 ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ ശേഷിക്കുന്ന ബന്ദികളെ രക്ഷപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിവിധ രാജ്യക്കാരായ 150ലധികം പേരെയാണ് ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്നത്.

കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ള ബന്ദികളില്‍ ആരൊക്കെ ജീവനോടെ ശേഷിക്കുന്നുവെന്ന് അറിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.