Site icon Malayalam News Live

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രയേൽ സൈന്യം; സ്ഥിരീകരിക്കാതെ ഇറാൻ

ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഭരണകൂടത്തിലെ കരുത്തനുമായ അലി ലാരിജാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. തിങ്കളാഴ്ച രാത്രി നടന്ന മിന്നലാക്രമണത്തിൽ ലാരിജാനി കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത് ലാരിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇദ്ദേഹത്തിന് ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ലാരിജാനി കൊല്ലപ്പെട്ടെന്ന വാർത്ത ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദേശം ഉടൻ പുറത്തുവിടുമെന്ന് ഇറാന്റെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വലിയ തോതിലുള്ള അവ്യക്തത തുടരുകയാണ്. ഇസ്രായേലിന്റെ അവകാശവാദം വെറും പ്രചാരണം മാത്രമാണെന്നാണ് ഇറാന്റെ പ്രാഥമിക പ്രതികരണം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ലാരിജാനായുടെ കൈകളിലായിരുന്നു. തുടർച്ചയായി സുരക്ഷാ മേധാവിയെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇറാന് കനത്ത തിരിച്ചടിയാണ്.

Exit mobile version