Site icon Malayalam News Live

ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം; പ്രതികാരം ചെയ്യുമെന്ന് ഐആർജിസി

ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. അഭിമാനത്തോടെ അലി ലാരിജാനി രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിലിൻ്റെ പ്രതികരണം. അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിൻ്റെ മകനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അലി ലാരിജാനിയും ബാസിജ് ഫോഴ്‌സിൻ്റെ കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായാണ് ഇറാൻ്റെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അലി ലാ​രിജാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ‌‌ഇതിനിടെ അലി ലാരിജാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ പുലർച്ചെ ടെഹ്‌റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ശക്തമായ നിലപാട് സ്വീകരിച്ച നയരൂപീകരണ വിദ​ഗ്ധൻ കൂടിയായിരുന്നു അലി ലാരിജാനി. ഒരു സൈനിക കമാൻഡറല്ലെങ്കിലും, ഇറാൻ്റെ തന്ത്രപരമായ തീരുമാനങ്ങൾ രൂപപ്പെടുത്തുന്നതിൽ അലി ലാരിജാനിക്ക് പ്രധാന പങ്കുണ്ടായിരുന്നു. ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയിൽ, യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിലും അലി ലാരിജാനിക്ക് നിർ‌ണ്ണായകമായ സ്വാധീനം ഉണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയും ഇസ്രയേലുമായി നടക്കുന്ന യുദ്ധത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈകൊള്ളുന്നതിലും ലാരിജാനിക്ക് പങ്കാളിത്തം ഉണ്ടായിരുന്നു.

Exit mobile version