Site icon Malayalam News Live

കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് ബോണസ് കിട്ടിയില്ല; ഫയലിൽ ഒപ്പിടാതെ സെക്രട്ടറി പോയി; പ്രതിഷേധ സമരവുമായി ഐഎൻടിയുസി

കോട്ടയം: യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ ഉത്രാട നാളില്‍ ഐഎന്‍ടിയുസി യുടെ സമരം. ശുചീകരണ തൊഴിലാളികളുടെ ഓണം അഡ്വാന്‍സും ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സെക്രട്ടറി ഫയലില്‍ ഒപ്പിടാതെ പോയെന്നാണ് ആരോപണം.

200 ഓളം തൊഴിലാളികളാണ് കോട്ടയം നഗരസഭയില്‍ ശുചീകരണ ജോലി ചെയ്യുന്നത്. ഇതില്‍ സ്ഥിരം ജോലിക്കാരായവര്‍ക്ക് ഓണം അഡ്വാന്‍സ് ലഭിച്ചില്ല.

താല്‍ക്കാലിക ജീവനക്കാര്‍ക്ക് ബോണസ് പോലും നഷ്ടമായി. ഉത്രാട ദിവസം ആയിട്ടും പണം അക്കൗണ്ടില്‍ എത്താതെ വന്നതോടെയാണ് പ്രതിഷേധവുമായി നഗരസഭയുടെ മുന്നിലേക്ക് ഇവര്‍ എത്തിയത്.

യുഡിഎഫ് ഭരിക്കുന്ന നഗരസഭയായിട്ടും ഐഎന്‍ടിയുസി തന്നെയാണ് ഈ സമരത്തിന് നേതൃത്വം നല്‍കിയത്. ഇരുന്നൂറോളം തൊഴിലാളികള്‍ക്കാണ് ഓണം ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയത്.

ഉദ്യോഗസ്ഥരുടെ അനാസ്ഥ ആണെന്നാണ് ഉയര്‍ന്ന ആക്ഷേപം. പെന്‍ഷന്‍ തട്ടിപ്പ് വിവാദം കത്തി നില്‍ക്കുന്നതിനിടയിലാണ് ഈ അനാസ്ഥ.

Exit mobile version