Site icon Malayalam News Live

ഡിഎച്ച്എസ് ഓഫീസിൽ കസേരത്തർക്കം; ഡിഎച്ച്എസ് ആയി ചുമതലയേൽക്കാനെത്തിയ റീനയ്ക്കായി ഒഴിഞ്ഞുകൊടുക്കാതെ മീനാക്ഷി

തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിയുമായി എത്തിയ കെജെ റീനയ്ക്ക് സ്ഥാനം ഒഴിഞ്ഞുനൽകാതെ താത്ക്കാലിക ഡയറക്ടർ ഡോ. വി മീനാക്ഷി. മീനാക്ഷി കസേരയിൽ നിന്ന് മാറാതിരുന്നതോടെ, ഡിഎച്ച്എസ് ഓഫീസിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. തർക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി. മുൻപ് ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട ഡോ. റീന തനിക്ക് അനുകൂലമായ കോടതി വിധിയുമായാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രി വളപ്പിലുള്ള ഡി.എച്ച്.എസ് ആസ്ഥാനത്ത് എത്തിയത്. വിധി പ്രകാരം തനിക്ക് ഔദ്യോഗിക കസേരയിൽ ഇരുന്ന് ചുമതലയേൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, നിലവിലെ ഡിഎച്ച്എസ് ആയ ഡോ. മീനാക്ഷി കസേരയിൽ നിന്നും മാറാൻ തയ്യാറായില്ല.

സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉത്തരവോ നിർദ്ദേശമോ ലഭിക്കാതെ താൻ കസേര ഒഴിഞ്ഞുതരില്ലെന്ന നിലപാടിൽ ഡോ. മീനാക്ഷി ഉറച്ചുനിന്നു. രണ്ടുപേരും തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെ ഓഫീസിനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. തുടർന്ന് ഡോ. മീനാക്ഷി പോലീസിന്റെ സഹായം തേടുകയും തനിക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇരുവരുമായും ചർച്ച നടത്തുകയാണ്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായാൽ മാത്രമേ ഈ കസേര തർക്കത്തിന് പരിഹാരമാകൂ. രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ച ഡോ.റീനയെ ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് മുന്നറിയിപ്പില്ലാതെ മാറ്റിയ സർക്കാർ നടപടി വൻ വിവാദമായിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ഇന്നലെ സൂചന നൽകിയിരുന്നു. ഇന്നലെയാണ് ഡി എച്ച് എസ് കെ റീന നൽകിയ ഹർജിയിൽ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അനുകൂല വിധി പറഞ്ഞത്. ജൂൺ 12നാണ് ആരോഗ്യവകുപ്പ് ഡയറക്ടറിന്റെ സ്ഥാനത്തുനിന്ന് ഡോക്ടർ കെ ജെ റീനയെ മാറ്റി ആരോഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. പകർച്ചവ്യാധി സമയത്ത് 15 ദിവസത്തെ അവധി അപേക്ഷിച്ചതിനാൽ സ്ഥലംമാറ്റം എന്ന് ആരോഗ്യവകുപ്പ് ആദ്യം ഉത്തരവിറക്കിയെങ്കിലും കാലാവധി കഴിഞ്ഞതിനാൽ നടപടി എന്നായിരുന്നു പിന്നീടുള്ള വിശദീകരണം.

Exit mobile version