Site icon Malayalam News Live

ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് റേറ്റിംഗ് നൽകിയാൽ പണം നൽകാമെന്ന് വാഗ്ദാനം; കബളിപ്പിച്ച് 26 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ; ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ടാണ് പരാതിക്കാരൻ തട്ടിപ്പിനിരയായത്

പാറശ്ശാല: ഭക്ഷ്യ ഉത്‌പന്നങ്ങള്‍ക്ക് റേറ്റിങ് നല്‍കിയാല്‍ പണം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേർ പിടിയില്‍.

കോഴിക്കോട് നരിക്കുനി പാറന്നൂർ ആരീക്കല്‍ ഹൗസില്‍ അസർ മുഹമ്മദ് (29), കൊയിലാണ്ടി കോതമംഗലം വരണ്ട സ്വദേശിയും ഇപ്പോള്‍ കണ്ണൂർ തലശ്ശേരി മൂഴിക്കരയില്‍ താമസിക്കുന്ന അക്ഷയ (28) എന്നിവർ ആണ് പിടിയിലായത്. കുളത്തൂർ സ്വദേശിയായ ഷൈനിന്റെ പരാതിയില്‍ ആണ് പൊഴിയൂർ പോലീസ് ഇവരെ പിടികൂടിയത്.

ചൈനീസ് ഭക്ഷ്യ ഉത്‌പന്നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ഫൈവ്സ്റ്റാർ റേറ്റിങ് നല്‍കുന്ന ജോലിയുടെ പരസ്യം ഇൻസ്റ്റഗ്രാമില്‍ കണ്ടാണ് ഷൈൻ സംഘങ്ങളുമായി ബന്ധപ്പെടുന്നത്. ഓരോഘട്ടം കഴിയുമ്ബോഴും പണം അക്കൗണ്ടില്‍ വരുമെന്നു പറഞ്ഞ് ഷൈനിനെ സംഘം വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്.

ആദ്യഘട്ടത്തില്‍ പതിനായിരം രൂപ അവർ പറഞ്ഞ അക്കൗണ്ടില്‍ നിക്ഷേപിച്ചതിനു പിന്നാലെ തട്ടിപ്പുസംഘം 999 രൂപ ഷൈനിന്റെ അക്കൗണ്ടിലേക്കു നല്‍കി.
ഇത്തരത്തില്‍ ഷൈനിന്റെ വിശ്വാസം പിടിച്ചുപറ്റിയ സംഘം പല തവണയായി 26 ലക്ഷത്തോളം രൂപ ഇയാളില്‍നിന്നു തട്ടിയെടുത്തു. ഓരോ തവണയും ലഭിക്കേണ്ട പണം ആവശ്യപ്പെടുമ്ബോള്‍ സാങ്കേതികത്തകരാറാണെന്നും നിങ്ങളുടെ പണം അക്കൗണ്ടില്‍ സുരക്ഷിതമാണെന്നും ഇവർ ഷൈനിനെ വിശ്വസിപ്പിച്ചു.

സംഘാംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണു തട്ടിപ്പിന് ഇരയായതായി ഷൈനിനു മനസ്സിലായത്. തുടർന്ന് ഇയാള്‍ പൊഴിയൂർ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
തട്ടിപ്പിനായി ഇവർ ഉപയോഗിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടും ഫോണ്‍നമ്ബരും പണം കൈമാറിയ അക്കൗണ്ടുകളുടെ വിവരങ്ങളും മാത്രമാണ് ഷൈൻ പോലീസിനു കൈമാറിയത്.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളായ ഇരുവരും പിടിയിലായത്. ഇത്തരത്തില്‍ ഇവർ നിരവധിപ്പേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയിക്കുന്നതായി പൊഴിയൂർ പോലീസ് അറിയിച്ചു.

പൊഴിയൂർ എസ്.എച്ച്‌.ഒ. അബ്ദുള്‍ കലാം ആസാദിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ജയലക്ഷ്മി, സാജൻ, സി.പി.ഒ. അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version