Site icon Malayalam News Live

ഇൻസ്റ്റഗ്രാം വഴി പരിചയം ; പെൺകുട്ടികളെ കാണാൻ ആൺ സുഹൃത്തുക്കൾ വീട്ടിൽ; പിന്നാലെ കാമുകന്മാരും; പരസ്പരം കണ്ടതോടെ സംഘർഷത്തിലേക്ക്; വീട്ടുകാർ ഉണർന്നതോടെ പ്രതികൾ പിടിയിൽ; രണ്ടുപേർക്കെതിരെ പോക്സോ കേസ്

ഹരിപ്പാട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്. മറ്റു രണ്ടുപേര്‍ക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു.

ഹരിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ രാത്രി 12 മണിയോടെയാണ് സംഭവം. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനായാണ് പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ വീട്ടിലെത്തിയത്.

അതേസമയം, അവിടെയെത്തിയ പെണ്‍കുട്ടികളുടെ കാമുകന്മാര്‍ ഇവരെ കാണുകയും തമ്മില്‍ തര്‍ക്കമുണ്ടാകുകയുമായിരുന്നു. ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ കൂട്ടത്തിലൊരാളെ വീട്ടുകാര്‍ പിടികൂടി.
ഇയാളെ ചോദ്യം ചെയ്ത പോലീസ് മറ്റു മൂന്നുപേരെയും കണ്ടെത്തി. വിശദാന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ രണ്ടുവര്‍ഷമായി ലൈംഗികചൂഷണത്തിന് വിധേയമായിരുന്നതായി ബോധ്യപ്പെട്ടു. പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയുമുണ്ടായിരുന്നു.

ഇവരിലൊരാളുടെ ആണ്‍സുഹൃത്തും കൂട്ടുകാരനുമാണ് രാത്രി വീട്ടിലെത്തിയത്. പിന്നാലെ ഇവരുമായി രണ്ടുവര്‍ഷത്തോളം പരിചയമുള്ള ഇരുപതും 22-ഉം പ്രായമുള്ള രണ്ടുപേരും സ്ഥലത്തെത്തി. ഇവര്‍ പരസ്പരം കണ്ടതോടെയാണ് ബഹളമായതെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി പറഞ്ഞു.

ഇവര്‍ക്കെതിരേയാണ് പോക്‌സോ കേസ്. വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മയും മുത്തച്ഛനും മുത്തശ്ശിയുമാണുണ്ടായിരുന്നത്. ബഹളംകേട്ട് ഇവര്‍ ഉണര്‍ന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 22-കാരനെയാണ് തടഞ്ഞുവെച്ച് പോലീസിനു കൈമാറിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.

Exit mobile version