Site icon Malayalam News Live

എണ്ണ വാങ്ങൽ നിർത്തി, ഇനി ആയുധം; റഷ്യയിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ, 10,000 കോടി രൂപയുടെ ഇടപാടിന് അനുമതി

എണ്ണ വാങ്ങൽ നിർത്തുന്നത് സംബന്ധിച്ച വിവാദങ്ങൾക്കിടെ റഷ്യയിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ. റഷ്യയിൽ നിന്നും 288 എസ് 400 മിസൈലുകൾ ഇന്ത്യ വാങ്ങും. ഇടപാടിന് ഡിഫൻസ് അക്യുസിഷൻ കൗൺസിൽ യോഗം അനുമതി നൽകി. 10000 കോടി രൂപയുടെ ഇടപാടിനാണ് അനുമതി. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് നിര്‍ണായക പങ്ക് വഹിച്ചത് എസ് 400 മിസൈലായിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് രം​ഗത്തെത്തി. ട്രംപ് അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മറ്റ് ഇന്ത്യൻ നേതാക്കളോ ഇത്തരമൊരു ഇത് പ്രഖ്യാപിച്ചിട്ടില്ലെന്ന് ലാവ്‌റോവ് വ്യക്തമാക്കി. റഷ്യയും ഇന്ത്യയും തമ്മിലുള്ള കരാറുകൾ അപകടത്തിലായെന്ന് കരുതുന്നില്ലെന്നും ലാവ്‌റോവ് പറഞ്ഞിരുന്നു. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കിയിരുന്നു. ഉപരോധങ്ങളും തീരുവ ഭീഷണികളും വഴി ആഗോള സാമ്പത്തിക ആധിപത്യം ഉറപ്പിക്കാനാണ് ട്രംപിന്റെ ശ്രമമെന്നും ലാവ്‌റോവ് കുറ്റപ്പെടുത്തി.

Exit mobile version