Site icon Malayalam News Live

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള പാറമടക്കുളത്തിൽ മാലിന്യം തള്ളിയതായി പരാതി; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കണ്ടെത്തി; സ്ഥലം ഉടമയ്ക്ക് 40,000 രൂപ പിഴ

ഞീഴൂർ: ജലസ്രോതസ്സ് മലിനപ്പെടുത്തിയതു കണ്ടെത്തി നീക്കം ചെയ്യിച്ചു. ഞീഴൂർ പഞ്ചായത്തിൽ ഉദയംചേരിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള പാറമടക്കുളത്തിൽ വൻ മാലിന്യം തള്ളിയതായി ആരോഗ്യവകുപ്പാണ് കണ്ടെത്തിയത്.

നാട്ടുകാരുടെ പരാതിയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം പാറമടയിൽ കണ്ടെത്തിയത്. മറ്റു സ്ഥലങ്ങളിൽ നിന്നും വാഹനത്തിൽ വ്യാപാര സ്ഥാപനങ്ങളിലേത് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളാണ് സ്ഥലം ഉടമ ഇവിടെ എത്തിച്ച് പാറമടയിൽ തള്ളിയത്.

പഞ്ചായത്ത് നടപടി എടുത്തതിനെ തുടർന്ന് പാറമടയിലിട്ട മുഴുവൻ മാലിന്യവും സ്ഥലം ഉടമ തന്നെ പാറമടയിൽ നിന്ന് നീക്കം ചെയ്യുകയും സംസ്കരിക്കുകയും ചെയ്തു.

മാലിന്യം തള്ളിയതിനു സ്ഥലം ഉടമയിൽ നിന്നും 40,000 രൂപ പിഴ ഈടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വൈസ് പ്രസിഡന്റ് കെ. പി .ദേവദാസ് എന്നിവർ അറിയിച്ചു.

 

Exit mobile version