Site icon Malayalam News Live

ബുക്ക് ചെയ്താൽ മദ്യം വീടുകളിൽ എത്തിക്കും; ഓർഡർ എടുത്തിരുന്നത് മൂന്ന് കിലോമീറ്റർ അപ്പുറത്തേക്കുള്ള പ്രദേശങ്ങളിൽ നിന്ന് മാത്രം; പ്രധാനമായും വിൽപ്പന ഇതര സംസ്ഥാനക്കാരുടെ ക്യാംപുകൾ കേന്ദ്രീകരിച്ച്; അങ്ങാടി മരുന്ന് കച്ചവടത്തിന്റെ മറവിൽ വ്യാജ മദ്യം വിൽപ്പന നടത്തിയ സംഘം പിടിയിൽ

കൊച്ചി: ബുക്ക് ചെയ്താൽ വീടുകളിൽ മദ്യം എത്തിക്കുന്ന സംഘം വ്യാജ മദ്യവുമായി എക്സൈസിന്‍റെ പിടിയിൽ. കാക്കനാട് സ്വദേശികളായ സുരേഷ് (52), സുരേഷിന്‍റെ ഭാര്യ മിനി (47), ഫസലു എന്ന നാസർ (42 വയസ്സ്) എന്നിവരാണ് പിടിയിലായത്. അങ്ങാടി മരുന്നുകളുടെ കച്ചവടം നടത്തിയിരുന്ന പ്രതികൾ അതിന്റെ മറവിലാണ് മദ്യം വിൽപ്പന ചെയ്തിരുന്നത്.

ഇവരിൽനിന്ന് പുതുച്ചേരിയിൽ നിന്ന് കടത്തി കൊണ്ട് വന്ന അര ലിറ്ററിന്‍റെ 77 കുപ്പി വ്യാജ മദ്യം പിടിച്ചെടുത്തു. കാക്കനാട് ഭാഗത്ത് നിന്ന് മൂന്ന് കിലോമീറ്റർ അപ്പുറത്തേക്കുള്ള പ്രദേശങ്ങളിൽ നിന്ന് മാത്രമേ ഓർഡർ എടുത്തിരുന്നുള്ളൂ. മദ്യവിൽപ്പന പരിസരവാസികൾ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.

പ്രധാനമായും ഇതര സംസ്ഥാനക്കാരുടെ ക്യാംപുകൾ കേന്ദ്രീകരിച്ചാണ് ബുക്കിങ് എടുത്തിരുന്നത്. ഓർഡർ പിടിച്ച് കൊടുത്തിരുന്നത് നാസർ ആണെന്ന് എക്സൈസ് അറിയിച്ചു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് ഇന്‍റലിജൻസ്, എറണാകുളം എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് രഹസ്യമായി നടത്തി വന്നിരുന്ന കച്ചവടം പിടികൂടിയത്.

Exit mobile version