Site icon Malayalam News Live

ഇലന്തൂര്‍ കേസിലെ പ്രതികള്‍ ഒരു സ്ത്രീയെ കൂടി കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് പത്തനംതിട്ട സ്വദേശി; പൊലീസിന്റെ സംശയത്തിന് പിന്നില്‍ ഈ കാരണങ്ങള്‍

കൊച്ചി: മനുഷ്യമനസാക്ഷിയെ പിടിച്ചുകുലുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി പുറത്തുവന്ന് ഒരുവര്‍ഷം പിന്നിടുമ്പോള്‍, പ്രതികള്‍ ഒരു കൊലപാതകം കൂടി നടത്തിയതായി സംശയം.

പത്തനംതിട്ട മുല്ലശേരി പാതലില്‍ കോളനി പ്ലാംകുട്ടത്തില്‍ മരപ്പേല്‍ വീട്ടില്‍ സരോജിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂവര്‍ക്കും പങ്കുള്ളതായാണ് പത്തനംതിട്ട ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. കേസില്‍ എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയില്‍ അപേക്ഷ നല്‍കിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് സംഘം, വീയ്യൂര്‍ ജയിലിലെത്തി നരബലികേസ് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ ചോദ്യം ചെയ്തു.

എന്നാല്‍ സരോജിനി ദുരൂഹ മരണക്കേസില്‍ ഇവരുടെ പങ്കിലേക്കെത്താൻ ക്രൈംബ്രാഞ്ചിനായില്ല. 2014ലാണ് സരോജിനി കേസിനാസ്പദമായ സംഭവം.

സമീപത്തെ ഒരു വീട്ടില്‍ ജോലിക്ക് പോയ സരോജിനി പിന്നീട് തിരികെ വന്നില്ല. രണ്ടുദിവസത്തിനുശേഷം കുളനട ഉള്ള നൂറില്‍ വഴിയരികില്‍ സരോജിനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൈകളില്‍ ആഴത്തിലുള്ള മുറിവും, ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. കൊലപാതകം എന്ന് ഉറപ്പിച്ച പൊലീസ് അന്വേഷണം പിന്നെ എങ്ങുമെത്തിയില്ല.

Exit mobile version