Site icon Malayalam News Live

ഇടുക്കിയിലെ മുന്നൂര്‍ ഏക്കര്‍ എസ്റ്റേറ്റില്‍ നിന്നും ഏലയ്ക്കാ മോഷണം; സ്റ്റോര്‍ റൂമില്‍ നിന്നും കവര്‍ന്നത് 52 കിലോ ഏലയ്ക്ക; രണ്ട് പേര്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയിലെ രാജാക്കാട് മൂന്നുറേക്കറിലുള്ള ഏലം സ്റ്റോറില്‍ നിന്നും ഏലം മോഷ്ടിച്ച രണ്ടു പേര്‍ അറസ്റ്റില്‍.

തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ മല്ലിംഗാപുരം കര്‍ണരാജ, മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പന്‍ എന്നിവരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19നാണ് മുന്നൂറേക്കര്‍ ഓമ്പളായില്‍ എസ്റ്റേറ്റിന്റെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന 52 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഏലയ്ക്ക മോഷണം പോയത്.

സ്റ്റോറിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. കര്‍ണ രാജയും മുത്തുക്കറുപ്പനും ചേര്‍ന്നാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ഏലയ്ക്ക രണ്ടാം പ്രതി മുത്തുക്കറുപ്പന്റെ വാഹനത്തില്‍ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് കടയിലെത്തിച്ച്‌ കടയില്‍ വിറ്റു.

തുടര്‍ന്ന് ഒന്നാം പ്രതിയായ കര്‍ണരാജയെ മല്ലിംഗാപുരത്ത് കൊണ്ടു വിട്ട ശേഷം മുത്തുക്കറുപ്പന്‍ മടങ്ങി വന്നു. മുത്തുക്കറുപ്പന്റെ ഭാര്യാവീട് മല്ലിംഗാപുരത്താണ്. എസ്റ്റേറ്റിലെ മുന്‍ ജീവനക്കാരനായിരുന്ന തമിഴ്‌നാട് മല്ലിംഗാപുരം സ്വദേശി രാജേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതികള്‍ മോഷണം നടത്തിയത്.

സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം 27 ന് വൈകുന്നേരം മല്ലിംഗാപുരം മദ്യഷാപ്പിന് സമീപം വച്ച്‌ കര്‍ണരാജയെ പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാവടി ചന്ദനപ്പാറ സൂര്യാ പ്ലാന്റേഷന്‍ ലയത്തില്‍ താമസിക്കുന്ന മുത്തുക്കറുപ്പനെയും അറസ്റ്റ് ചെയ്തു.

ഏലയ്ക്ക കടത്തിക്കൊണ്ടു പോയ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Exit mobile version