Site icon Malayalam News Live

ഇടുക്കിയിൽ കാട്ടാന ആക്രമണം: മരിച്ച അമര്‍ ഇലാഹിയുടെ കബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തില്‍ ഹര്‍ത്താല്‍

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന് നടക്കും.

രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം. പുലർച്ചയോടെയാണ് പോസ്റ്റ‌്മോർട്ടം നടപടി പൂർത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.

കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ വണ്ണപ്പുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികള്‍ ഹർത്താല്‍ നടത്തുകയാണ്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

സോളാർ വേലി സ്ഥാപിക്കല്‍, ആ‍ർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ഉടൻ നടപടി വേണമെന്ന് ഇന്നലെ സബ്കളക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യമുന്നയിച്ചിരുന്നു. മരിച്ച അമറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കും.

Exit mobile version