Site icon Malayalam News Live

തെലങ്കാനയിലെ കനാലിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; വഴിത്തിരിവായത് ഷർട്ടിന്റെ കോഡ്

ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ കനാലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് മലയാളിയാണെന്നാണ് സംശയമെന്ന് തെലങ്കാന പൊലീസ് അറിയിച്ചു.

സംഭവത്തിൽ തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് മലയാളിയാണെന്ന് സംശയം ഉയര്‍ന്നത്. തെലങ്കാന നല്ലഗൊണ്ടെ ഗുറംപോടുള്ള കനാൽ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഈ മാസം 18നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയശേഷം കനാലിൽ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. യുവാവ് ധരിച്ചിരുന്ന വസ്ത്രം അടക്കം സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. യുവാവ് ധരിച്ച ഷര്‍ട്ടിന്‍റെ സ്റ്റൈൽ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഈ സ്റ്റൈൽ കോഡിലുള്ള ഷര്‍ട്ട് വിറ്റത് കേരളത്തിൽ മാത്രമാണെന്ന് ഷര്‍ട്ട് കമ്പനി പൊലീസിന് വിവരം നൽകുകയായിരുന്നു.

കമ്പനി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മലയാളി മരിച്ചതെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തിയതെന്ന് കൊണ്ടമലെപ്പള്ളി സിഐ കെ ധനുഞ്ജയ പറഞ്ഞു.

കൊല്ലപ്പെട്ട യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായും കൊലപാതകത്തിന്‍റെ അന്വേഷണത്തിലും തെലങ്കാന പൊലീസ് കേരള പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ പുറത്തുവന്നാലെ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും തെലങ്കാന പൊലീസ് അറിയിച്ചു.

Exit mobile version