Site icon Malayalam News Live

ഭാര്യയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി; ഭർത്താവായ എരുമേലി സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി

കോട്ടയം: 40 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം ഭാര്യയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിനതടവും 3000 രൂപ പിഴയും കോടതി വിധിച്ചു.

എരുമേലി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി–I വിധി പ്രസ്താവിച്ചത്.

എരുമേലി സൗത്ത് വില്ലേജ് മഞ്ഞളരുവി കരയിൽ ഈറ്റത്തോട്ടത്തിൽ കുമാരൻ (78) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2018 ജൂൺ 4-ന് പുലർച്ചെ 4 മണിയോടെ ഉറങ്ങിക്കിടന്നിരുന്ന ഭാര്യ തങ്കമ്മയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പുപ്രകാരം ജീവപര്യന്തം കഠിനതടവിനൊപ്പം 3000 പിഴയും വിധിച്ചിട്ടുണ്ട്.

പിഴ അടച്ചില്ലെങ്കിൽ അധിക ശിക്ഷയും അനുഭവിക്കേണ്ടതായി വരും.
കേസിന്റെ അന്വേഷണം അന്നത്തെ എരുമേലി സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ഡി. സുനിൽകുമാർ നിർവഹിച്ചു.

വിചാരണക്കിടെ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 20 സാക്ഷികളെയും 25 രേഖകളും കോടതിയിൽ ഹാജരാക്കി. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മീരാ രാധാകൃഷ്ണൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Exit mobile version