Site icon Malayalam News Live

വയനാട് ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടിന്‍റെ തറക്കല്ലിടൽ 26ന്; രാഹുൽ ഗാന്ധി തറക്കല്ലിടൽ നിർവഹിക്കും

വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം 26ന് ഉച്ചയ്ക്ക് രണ്ടിന് മേപ്പാടി പഞ്ചായത്തിലെ കുന്നംമ്പറ്റയില്‍ നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി തറക്കല്ലിടൽ നിര്‍വഹിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ചൂരല്‍മലയിലേയും മുണ്ടക്കയത്തിലേയും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാത്ത കച്ചവട സ്ഥാപനത്തിന്‍റെ 40 ഉടമകള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം ചടങ്ങില്‍ കൈമാറും. ഇവര്‍ പ്രിയങ്കഗാന്ധിയെ നേരില്‍കണ്ട് അവരുടെ പ്രയാസങ്ങള്‍ അറിയിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രിയങ്കഗാന്ധിയുടെ സഹായം. 3.24 ഏക്കര്‍ സ്ഥലമാണ് രജിസ്റ്റര്‍ ചെയ്തത്. 2.18 ഏക്കര്‍ സ്ഥലത്തിന്‍റെ രജിസ്ട്രേഷന്‍ ഈ ആഴ്ചയില്‍ നടക്കും.

5.42 ഏക്കറിലായിട്ടാണ് 50 വീടിന്‍റെ നിര്‍മ്മാണം നടക്കുക. ആറുമാസത്തിനുള്ളിൽ 50 വീട് നിർമ്മിച്ചു നൽകും. മൂന്നര ഏക്കർ സ്ഥലം വാങ്ങിയതിന് 3 കോടി രൂപ ചെലവായി. ഒരു വീട് നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. യൂത്ത് കോൺഗ്രസ് വീട് നിര്‍മാണത്തിനായി ഒരു കോടി രൂപ നൽകി. ഒരു വീടിന്‍റെ ഉടമയ്ക്ക് എട്ട് സെന്‍റ് സ്ഥലം നല്‍കും. 1100 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഒരു വീട് നിര്‍മ്മിക്കുക. ഇതിന്‍റെ തുടര്‍ച്ചയായി മേപ്പാടി പഞ്ചായത്തിലെ ഏഴാഞ്ചിറ പ്രദേശത്ത് അഞ്ച് ഏക്കര്‍കൂടി സ്ഥലം ഏറ്റെടുത്ത് 50 വീടിന്‍റെ നിര്‍മ്മാണവും ആരംഭിക്കും.

Exit mobile version