Site icon Malayalam News Live

ബാറില്‍ നിന്ന് മദ്യപിച്ചത് 5798 രൂപയ്ക്ക്; യുപിഐ വഴി പണം അയച്ച സ്ക്രീൻ ഷോട്ട് കാണിച്ചെങ്കിലും അക്കൗണ്ടില്‍ പണമെത്തിയില്ല; തര്‍ക്കത്തെത്തുടര്‍ന്ന് ഹോട്ടല്‍ മാനേജരെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍

കോയമ്പത്തൂർ: ബാറിലെ ബില്ലടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഹോട്ടല്‍ മാനേജരെ മർദിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

കരസേനാ റിക്രൂട്ട്മെന്റിനായി കോയമ്പത്തൂരിലെ പീലമേടില്‍ എത്തിയ യുവാക്കളെയാണ് പോലീസ് പിടികൂടിയത്. ഇവർ താമസിച്ച ഹോട്ടലിലെ ബാറില്‍ നിന്ന് മദ്യപിച്ച ശേഷം പണം യുപിഐ വഴി നല്‍കിയ സ്ക്രീൻ ഷോട്ട് കാണിച്ചെങ്കിലും അക്കൗണ്ടില്‍ പണമെത്താത്തതിനെത്തുടർന്നുണ്ടായ തർക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്.

ഇതിന് പിന്നാലെ ഹോട്ടല്‍ മാനേജർ പരാതി നല്‍കുകയായിരുന്നു.
കൃഷ്ണഗിരി സ്വദേശികളായ ജി ഭാസ്കർ (19), ഡി ഭരത് (20) എന്നിവരാണ് അറസ്റ്റിലായത്.

ഇവരും ബുധനാഴ്ച വൈകുന്നേരമാണ് ഹോട്ടലിലെത്തിയത്. ഹോട്ടല്‍ മാനേജറായ എൻ പ്രകാശിനോട് പറ‌ഞ്ഞത് അടുത്ത ദിവസം നടക്കാനിരിക്കുന്ന ആർമി റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാനാണ് കോയമ്പത്തൂരില്‍ എത്തിയതെന്നായിരുന്നു. 3500 രൂപ അഡ്വാൻസ് നല്‍കി ഹോട്ടലില്‍ മുറിയെടുത്തു.

വൈകുന്നേരം മൂന്ന് മണിയോടെ ഇവർ ഹോട്ടലിലെ ബാറിലേക്ക് വന്നു. 5,798 രൂപയാണ് മദ്യപിച്ചതിന്റെ ബില്ലായത്. തുടർന്ന് ഈ പണം യുപിഐ പേയ്‍മെന്റായി നല്‍കിയെന്ന് പറഞ്ഞ് ഒരു സ്‍ക്രീൻഷോട്ട് ഇവർ ബാർ മാനേജറെ കാണിച്ചു. തങ്ങളുടെ ഒരു സുഹൃത്താണ് പണം നല്‍കിയതെന്ന് പറഞ്ഞാണ് ഇവർ ഈ സ്ക്രീൻഷോട്ട് കാണിച്ചത്. ശേഷം ഇരുവരും മുറിയിലേക്ക് പോയി.

പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഈ പണം അക്കൗണ്ടില്‍ വന്നിട്ടില്ലെന്ന് പിന്നീട് ഹോട്ടല്‍ അധികൃതർ മനസിലാക്കി. ഇതോടെയാണ് മാനേജർ പ്രകാശ് ഇവരുടെ മുറിയിലേക്ക് ചെന്നത്. യുപിഐ വഴി അയച്ചു എന്ന് പറയുന്ന തുക കിട്ടിയിട്ടില്ലെന്നും ബില്‍ തുക നല്‍കണമെന്നും മാനേജർ ആവശ്യപ്പെട്ടു. ‘

ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവില്‍ കൈയാങ്കളിയിലെത്തിയത്. പിന്നാലെ ബാർ മാനേജർ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഹോട്ടലിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version