Site icon Malayalam News Live

ലൈസൻസും ഹെല്‍ത്ത് കാര്‍ഡുമില്ല; കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും കോളേജ് ക്യാന്റീനും അടച്ചു

ഇടുക്കി: ഇടുക്കി പൈനാവില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവർത്തിച്ചു വന്ന ഹോട്ടലും കോളജ് ക്യാൻ്റീനും അടച്ചുപൂട്ടി ആരോഗ്യ വിഭാഗം.

പൈനാവില്‍ പ്രവര്‍ത്തിച്ചിരുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനുമാണ് ആരോഗ്യ വകുപ്പധികൃതര്‍ പൂട്ടിച്ചത്. ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി.

വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ ഹോട്ടലില്‍ കണ്ടെത്തി. ഹോട്ടലിന് പഞ്ചായത്ത് ലൈസന്‍സും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി.

പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജിന്റെ കാന്റീനില്‍ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല. കാന്റീന് ലൈസന്‍സുമില്ല. വൃത്തിഹീനമായാണ് അടുക്കള പ്രവര്‍ത്തിച്ചത്. കുടിവെള്ളം പരിശോധിച്ചതിന്റെ രേഖകളില്ല. മയോണൈസില്‍ പച്ചമുട്ട ചേര്‍ത്തതായും കണ്ടെത്തി. തുടര്‍ന്ന് കാന്റീന്‍ അടച്ചുപൂട്ടി.

നാസറിന്റെ ഭാര്യ ജവന്‍സിയുടെ പേരിലാണ് ബുഹാരി ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏഴ് ദിവസത്തിനകം ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഇരുവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദമാക്കിയിരിക്കുന്നത്.

Exit mobile version