കൊച്ചി: ഹോട്ടല്‍ റൂം ബുക്ക് ചെയ്യുന്ന വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ സൈബർ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍.
റൂം ബുക്ക് ചെയ്യുന്ന വിനോദസഞ്ചാരികളുടെ വിവരങ്ങള്‍ ബുക്കിങ് വെബ്സൈറ്റുകളില്‍ നിന്ന് ചോർത്തിയ ശേഷം ഇവരെ പണം ആവശ്യപ്പെട്ട് വിളിക്കുകയും പണം തട്ടുകയും ചെയ്യുന്ന രീതിയാണ് തട്ടിപ്പുസംഘത്തിന്റേത്. ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഹോട്ടലുടമകളുടെ സംഘടനയായ കേരള ട്രാവല്‍ മാർട്ട് പറയുന്നു.
ഹോട്ടല്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ആ ഹോട്ടലില്‍ എത്തിയതിന് ശേഷം മാത്രം പണം അടച്ചാല്‍ മതിയെന്നും കേരള ട്രാവല്‍ മാർട്ട് വ്യക്തമാക്കി.
അഗ്രിഗേറ്റർ വെബ്സൈറ്റുകള്‍ വഴി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നർ വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നാണ് കേരള ട്രാവല്‍ മാർട്ടിന്‍റെ മുന്നറിയിപ്പ്. ബുക്കിങ്.കോം എന്ന വെബ്സൈറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പറ്റിക്കപ്പെട്ടവരില്‍ ഏറെ വിദേശികളാണ്.
വിഷയം ഏറെ ഗൗരവമേറിയതാണെന്നും ജാഗ്രതയോട് വേണം കൈകാര്യം ചെയ്യേണ്ടതെന്നും ഹോട്ടലുടമകളുടെ സംഘടന അറിയിച്ചു.
