Site icon Malayalam News Live

അടുക്കളയില്‍ ചൂട് കൂടുതലാണോ? തണുപ്പിക്കാൻ സിംപിളാണ്; ഇങ്ങനെ ചെയ്താൽ മതി

കോട്ടയം: വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. അതിനാല്‍ തന്നെ വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും അടുക്കളയില്‍ തന്നെയാണെന്ന് പറയാം.

ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നത്കൊണ്ട് തന്നെ എപ്പോഴും ചൂടും ദുർഗന്ധവും അഴുക്കുമൊക്കെ അടുക്കളയില്‍ ഉണ്ടാകും. വേനല്‍ക്കാലമായാല്‍ പിന്നെ പറയേണ്ടതില്ല. അടുക്കളയില്‍ നിന്ന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ വേനല്‍ക്കാലത്ത് അടുക്കളയിലെ ചൂടിനെ തുരത്താൻ ചില വഴികളുണ്ട്. ഈ പൊടിക്കൈകള്‍ ചെയ്താല്‍ ഈ വേനല്‍കാലത്ത് നിങ്ങളുടെ അടുക്കള തണുക്കും. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.

പാചകം ചെയ്യുന്ന സമയം മാറ്റാം

ദിവസത്തില്‍ രണ്ടും മൂന്നും തവണ ഭക്ഷണം പാകം ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഈ രീതി മാറ്റേണ്ടതാണ്. അധികനേരം അടുക്കളയില്‍ പാചകം ചെയ്ത് നിന്നാല്‍ സ്റ്റൗവില്‍നിന്നും വരുന്ന തീയും പുറത്തുള്ള ചൂടും കാരണം അടുക്കളയില്‍ സഹിക്കാനാവാത്ത ചൂട് തങ്ങിനില്‍ക്കും. അതുകൊണ്ട് തന്നെ രാവിലെ അടുക്കള പണികള്‍ തുടങ്ങി ചൂട് കൂടുന്നതിന് മുമ്ബ് ജോലികള്‍ പൂർത്തിയാക്കുന്നതാണ് നല്ലത്. ഇത് അടുക്കളയില്‍ ചൂട് ഉണ്ടാകുന്നത് കുറയ്ക്കുന്നു.

പെട്ടെന്ന് പാകം ചെയ്യാം

പാകം ചെയ്യാൻ ബുദ്ധിമുട്ടില്ലാത്ത ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കിയാല്‍ അടുക്കളയില്‍ അധിക നേരം ചിലവഴിക്കേണ്ടി വരില്ല. ചൂടുള്ള സമയങ്ങളില്‍ ദീർഘനേരം പാചകം ചെയ്താല്‍ അടുക്കളയിലെ ചൂട് കൂടുന്നു. അതിനാല്‍ തന്നെ പെട്ടെന്ന് ചെയ്ത് തീർക്കുന്ന രീതിയില്‍ പാചകം ചെയ്യാം.

ഭക്ഷണങ്ങള്‍

അധിക നേരം പാകം ചെയ്യേണ്ടി വരാത്ത ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതാണ് വേനല്‍ക്കാലത്ത് നല്ലത്. സ്റ്റൗവിന്റെ ചൂട് അടുക്കളയില്‍ കൂടുതല്‍ ചൂടുണ്ടാക്കാൻ കാരണമാകുന്നു. അതിനാല്‍ തന്നെ എളുപ്പത്തില്‍ പാകം ചെയ്യാൻ കഴിയുന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതാണ് നല്ലത്.

പാകം ചെയ്യുന്നതിന് മുമ്ബ് തയ്യാറാക്കാം

പലരും സ്റ്റൗ ഓണ്‍ ചെയ്ത് വെച്ചതിന് ശേഷമാണ് പാചകത്തിനായുള്ള സാധനങ്ങള്‍ എടുക്കാൻ പോകുന്നത്. പാചകം ചെയ്യുന്ന സമയത്ത് പച്ചക്കറികളും കൂട്ടുകളും എടുക്കാൻ നിന്നാല്‍ അത് നിങ്ങളുടെ ജോലി ഇരട്ടിയാക്കുന്നു. അതിനാല്‍ തന്നെ ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപ് പച്ചക്കറികളും അവശ്യ സാധനങ്ങളും എടുത്ത് വയ്ക്കാം. ഇത് നിങ്ങളുടെ സമയത്തെ മാത്രമല്ല അടുക്കളയില്‍ ചൂടുണ്ടാകുന്നതും കുറയ്ക്കുന്നു.

അടുക്കളയില്‍ വായു സഞ്ചാരം വേണം

അടുക്കളയില്‍ എക്സ്ഹോസ്റ്റ് ഫാൻ, ചിമ്മിനി എന്നിവയുണ്ടെങ്കില്‍ പാചകം ചെയ്യുന്നതിന് മുമ്ബ് ഇത് ഓണ്‍ ചെയ്യാൻ മറക്കരുത്. അല്ലെങ്കില്‍ അടുക്കള വാതിലും ജനാലയും തുറന്നിട്ടതിന് ശേഷം മാത്രം പാചകം ചെയ്യാൻ ശ്രദ്ധിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ അടുക്കളയിലെ ചൂട് കുറയുകയും ദുർഗന്ധങ്ങള്‍ മാറുകയും അടുക്കള എപ്പോഴും ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Exit mobile version