Site icon Malayalam News Live

രാഹുൽ ഈശ്വറിന് തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷയിൽ പൊലീസിന്‍റെ നിലപാട് തേടി ഹൈക്കോടതി; ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി ജനുവരി 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വര്‍ നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷയിൽ പൊലീസിന്‍റെ നിലപാട് തേടി ഹൈക്കോടതി. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.

ഇതിന് മുമ്പായി ഇക്കാര്യത്തിൽ പൊലീസിന്‍റെ വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഹര്‍ജി നൽകിയെങ്കിലും രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. നിലവിൽ ഹണി റോസ് പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല.

എറണാകുളം സെന്‍ട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. നിലവിൽ കേസെടുത്തിട്ടില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരാതിയിൽ കേസെടുത്തശേഷമുള്ള അറസ്റ്റ് മുന്നിൽ കണ്ടാണ് ഹര്‍ജി നൽകിയതെന്നും അഭിഭാഷകൻ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി ഫയലിൽ സ്വീകരിച്ചത്.

ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കോടതിയെ സമീപിച്ചത്. എറണാകുളം സെൻട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശ്ശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്‍റെ പരാതി. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി.

ഇത് ചൂണ്ടികാണിച്ചാണ് നടി ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമമെന്നും വലിയ ഗൂഢാലോചന ഇതിന്‍റെ ഭാഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് ഹണി റോസിന്‍റെ ആവശ്യം. രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകളടക്കം പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

Exit mobile version