Site icon Malayalam News Live

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശം: ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരുമോയെന്ന് ഇന്നറിയാം; ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോബി ഹൈക്കോടതിയെ സമീപിച്ചത്.

നടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.
ബോബിക്ക് ജാമ്യം നല്‍കരുതെന്ന നിലപാടാകും സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സ്വീകരിക്കുക.

പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ അറിയിക്കും. എന്നാല്‍ അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യല്‍ അവസാനിച്ചതിനാല്‍ ജാമ്യം നല്‍കണമെന്നുമാകും ബോബി ചെമ്മണ്ണൂരിൻ്റെ ആവശ്യം.

നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നുമുള്ള വാദങ്ങളാണ് വെള്ളിയാഴ്ച ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയില്‍ ഉന്നയിച്ചത്.

Exit mobile version