Site icon Malayalam News Live

സംസ്ഥാനം ചുട്ടുപൊള്ളുന്നു..! 24മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് രശ്‌മികൾ; സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും കാരണമായേക്കാം; പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ, തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ (High Altitudes), ഉഷ്‌ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവേ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം.

ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്‌മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

Exit mobile version