Site icon Malayalam News Live

ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സ്‌പെഷ്യല്‍ ഡ്രൈവില്‍ കണ്ടെത്തിയത് അരലക്ഷത്തിലേറെ നിയമലംഘനങ്ങള്‍; പിഴയായി ഈടാക്കിയത് 2.55 കോടി

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 50,969 നിയമലംഘനങ്ങള്‍ കണ്ടെത്തി.

ആകെ 2.55 കോടിയിലേറെ രൂപ ( 2,55,97,600) പിഴ ഈടാക്കുകയും ചെയ്തു.

 

1,19,414 ഇരുചക്ര വാഹനങ്ങളാണ് ‘ ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ് ‘ എന്ന ഒരാഴ്ച നീണ്ട സ്‌പെഷ്യല്‍ ഡ്രൈവില്‍ പരിശോധിച്ചത്. ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പൊലീസിന്റെ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.

സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഈ വര്‍ഷം ജനുവരി മാസം 11, 12 തീയതികളില്‍ മാത്രം 11 പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Exit mobile version