Site icon Malayalam News Live

ആരോഗ്യമന്ത്രിക്കെതിരെ നടന്ന ആക്രമണം; പ്രതികൾ റിമാൻഡിൽ, കൊല്ലടാ എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമിച്ചു എന്ന് എഫ്‌ഐആറിൽ

കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ പിടിയിലായ 5 കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എംസി അതുൽ, അക്ഷയ്, ബിതുൽ ബാലൻ, മുബാസ്, അഹമ്മദ് യാസീൻ എന്നിവരെ ആണ് റിമാൻഡ് ചെയ്തത്. മാർച്ച് 12 വരെയാണ് റിമാൻഡ്. മന്ത്രി വീണാ ജോര്‍ജിനെ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറിലെ ആരോപണം. കൊല്ലടാ എന്ന് ആക്രോശിച്ച് പ്രതികള്‍ പാഞ്ഞടുത്തു. മാരകായുധം കൊണ്ട് കഴുത്തിന് ആക്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. മന്ത്രിയുടെയും ഗണ്‍മാന്‍ അഭിലാഷ് എംഎസിന്റെയും പരാതിയിലാണ് നടപടി.

മന്ത്രി വീണാ ജോര്‍ജും പരാതിക്കാരനായ ഗണ്‍മാനും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് എക്‌സ്പ്രസില്‍ പോകുന്നതിനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ എന്‍ട്രന്‍സിലെത്തിയപ്പോഴായിരുന്നു സംഭവം. അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ച് കൊണ്ടും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചുവെന്നാണ് എഫ്‌ഐറില്‍ പറയുന്നത്. തടയാന്‍ ശ്രമിച്ച ഗണ്‍മാനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞുവെയ്ക്കുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കെഎസ്‌യുവിന്റെ കൈവിട്ട പ്രതിഷേധം അരങ്ങേറിയത്. സുരക്ഷാജീവനക്കാരെ മറികടന്ന് പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്തെത്തുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മന്ത്രിയെ സന്ദര്‍ശിച്ചു.

Exit mobile version