Site icon Malayalam News Live

മധുരപാനീയങ്ങളുടെ അമിത ഉപയോഗം സ്ത്രീകള്‍ക്ക് കരള്‍രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണക്ക്

 

 

സ്വന്തം ലേഖകൻ

 

മധുരപാനീയങ്ങള്‍ അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ദിവസവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരളിലെ അര്‍ബുദവും ഗുരുതരമായ മറ്റു കരള്‍ രോഗങ്ങളും വരാന്‍ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

യുഎസിലെ ബ്രിഘാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ആര്‍ത്തവ വിരാമം സംഭവിച്ച 98,786 സ്ത്രീകളിലാണ് ഗവേഷണം നടത്തിയത്. 20 വര്‍ഷക്കാലം പഠനത്തില്‍ പങ്കെടുത്തവരെ നിരീക്ഷിച്ചതില്‍ നിന്നു ദിവസവും ഒന്നോ അതിലധികമോ മധുര പാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരള്‍രോഗം വരാനുള്ള സാധ്യത 6.8 ശതമാനം ആണെന്നു കണ്ടു. ഇവരില്‍ 85 ശതമാനം പേര്‍ക്കും കരളിലെ അര്‍ബുദം വരാന്‍ സാധ്യത വളരെ കൂടുതലാണെന്നും 68 ശതമാനം പേര്‍ക്ക് ഗുരുതരമായ കരള്‍ രോഗം മൂലം മരണം സംഭവിക്കാമെന്നും പഠനം വിലയിരുത്തുന്നു.

 

മാസത്തില്‍ മൂന്നു തവണയില്‍ കുറവ് മധുരപാനീയങ്ങള്‍ കുടിക്കുന്നവരുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ദിവസവുമുള്ള സോഫ്റ്റ് ഡ്രിങ്ക് ഉപയോഗം, ഫ്രൂട്ട് ഡ്രിങ്ക് ഉപയോഗം, കൃത്രിമ മധുര പാനീയങ്ങളുടെ ഉപയോഗം എന്നിവയാണ് പരിശോധിച്ചത്. കരളിലെ അര്‍ബുദം, ഗുരുതരമായ കരള്‍ രോഗങ്ങളായ ഫൈബ്രോസിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നിവ മൂലമുള്ള മരണവും ഗവേഷകര്‍ പരിശോധിച്ചു.

Exit mobile version