Site icon Malayalam News Live

കളിക്കുന്നതിനിടയില്‍ അലുമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

കോഴിക്കോട്: കളിക്കുന്നതിനിടയില്‍ അലുമിനിയം പാത്രം തലയില്‍ കുടുങ്ങിപ്പോയ രണ്ടു വയസ്സുകാരിക്ക് രക്ഷകരായി നാദാപുരത്തെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.

പാറക്കടവ് ഉമ്മത്തൂർ സ്വദേശി കളത്തറ അനസിന്റെ മകള്‍ ഫാത്തിമ ആലിയയാണ് ബുധനാഴ്ച രാവിലെ വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വീട്ടിലെ അടുക്കളയില്‍ വച്ചായിരുന്നു സംഭവം.

കളിക്കുന്നതിനിടെ കുട്ടി പാത്രം തലയില്‍ വയ്ക്കുകയും തല പൂർണമായും പാത്രത്തില്‍ കുടുങ്ങുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാർ പല വിധത്തില്‍ ശ്രമിച്ചെങ്കിലും പാത്രം ഊരിയെടുക്കാൻ കഴിഞ്ഞില്ല.

തുടർന്ന് നാദാപുരം ഫയർ സ്റ്റേഷനില്‍ കുട്ടിയുമായി വീട്ടുകാർ എത്തുകയായിരുന്നു. സേനാംഗങ്ങള്‍ ഏറെ ശ്രദ്ധയോടെ കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച്‌ പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പരുക്കുകള്‍ ഒന്നും കൂടാതെ രക്ഷപ്പെടുത്തിയത്.

കരഞ്ഞു വന്ന ആലിയ ചിരിച്ച്‌ ഫയർഫോഴ്സ് മാമന്മാരോട് യാത്ര പറഞ്ഞാണ് സ്റ്റേഷനില്‍ നിന്ന് തിരിച്ചു പോയത്.

രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫിസർ എസ്. വരുണ്‍, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ മധുപ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ഐ.ഉണ്ണികൃഷ്ണൻ, മുഹമ്മദ്‌ സാനീജ് എന്നിവർ നേതൃത്വം നല്‍കി. കളിപ്പാട്ടത്തിനു പകരം വീട്ടുപകരണങ്ങള്‍ എടുത്ത് കളിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Exit mobile version