Site icon Malayalam News Live

ചെന്നൈയില്‍ എച്ച്‌5എൻ1 സ്ഥിരീകരിച്ചു; അടിയന്തര നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ചെന്നൈ: അഡയാർ മേഖലയില്‍ നിന്നുള്ള ചത്ത പക്ഷികളുടെ സാമ്പിളുകളില്‍ എച്ച്‌5എൻ1 വൈറസ് സാന്നിധ്യം കണ്ടെത്തി. നൂറുകണക്കിന് കാക്കളെയാണ് പ്രദേശത്ത് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അടിയന്തര കത്തയച്ചു.

 

രോഗവ്യാപനം തടയാൻ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവകുപ്പുകള്‍ സംയുക്തമായി പ്രവർത്തിക്കുന്ന “വണ്‍ ഹെല്‍ത്ത്’ രീതി നടപ്പിലാക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ചത്ത കാക്കകളെയോ മറ്റ് പക്ഷികളെയോ യാതൊരു കാരണവശാലും നേരിട്ട് തൊടാൻ പാടില്ല.

 

പക്ഷികള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ പ്രാദേശിക അധികൃതരെ അറിയിക്കണമെന്നാണ് നിർദേശം.

 

ചത്ത പക്ഷികളെ ബയോ-സെക്യൂരിറ്റി മാനദണ്ഡങ്ങള്‍ പാലിച്ച്‌ കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചുമൂടുകയോ ചെയ്യണം. ഇത് വന്യജീവികളോ തെരുവ് നായകളോ കടക്കാത്ത വിധത്തിലായിരിക്കണം. അറിഞ്ഞോ അറിയാതെയോ പക്ഷികളെ സ്പർശിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ച്‌ നന്നായി കഴുകണം.

 

മാംസം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. കോഴി ഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. തൊഴിലാളികള്‍ ഫാമുകളില്‍ പ്രവേശിക്കുമ്പോള്‍ അണുനാശിനികള്‍ ഉപയോഗിക്കണം.

 

 

 

Exit mobile version