തിരുവനന്തപുരം: ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും.
ആലത്തൂർ എംപിയായി ലോക്‌സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണന് പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തിയ ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിലാണ് ഇരുവരും നേർക്കുനേർ എത്തിയത്. ചടങ്ങില്‍ ഇരുവരും പരസ്പരം സംസാരിച്ചില്ല. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു.
കഴിഞ്ഞ തവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു. മന്ത്രിയായി കെ.ആർ. കേളു സത്യപ്രതിജ്ഞ ചെയ്യുമ്പോഴും ഏവരുടെയും കൗതുകം മുഖ്യമന്ത്രിയും ഗവർണറും പരസ്പരം സംസാരിക്കുമോ എന്നായിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങില്‍ പതിവ് ഗൗരവം വിടാതെ ഇരുവരും ഇരുന്നപ്പോള്‍ ഭിന്നത തുടർന്ന് മുഖ്യമന്ത്രിയും ഗവർണറുമെന്ന് ചാനലുകള്‍ ഫ്‌ളാഷ് പുറത്തുവിട്ടു. മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാൻ പോലും ഗവർണർ കൂട്ടാക്കിയില്ല. ഇതിനിടെ മുഖ്യമന്ത്രിക്ക് കൈ കൊടുക്കാൻ കേളുവിനോട് ഗവർണർ ആംഗ്യം കാണിച്ചിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം നടന്ന ചായ സല്‍ക്കാരത്തില്‍ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം കൈക്കൊടുത്തു. ചായ സല്‍ക്കാരത്തില്‍ ഗവർണർ പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ചായ കുടിച്ച ശേഷം സന്തോഷമായാണ് എല്ലാവരും പിരിഞ്ഞത്.
ചായക്കൊപ്പം പതിവ് പലഹാരങ്ങളൊക്കെ തന്നെയായിരുന്നു. എന്നാല്‍ പലഹാരങ്ങളുടെ ബാഹുല്യത്തിലല്ല കാര്യം. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചിരുന്ന് ചായ കുടിച്ചുവെന്നതാണ് കാര്യമെന്നും ശശീന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചായസല്‍ക്കാരത്തില്‍ പങ്കെടുത്തതും ശ്രദ്ധേയമായി.
