Site icon Malayalam News Live

25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു;മകള്‍ക്കും തനിക്കുമെതിരെ വധഭീഷണി: പരാതിയുമായി ഗൗതമി

ചെന്നൈ: നടി ഗൗതമി കോടികളുടെ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. തന്റെ 25 കോടി രൂപയുടെ സ്വത്ത് വ്യാജ രേഖകള്‍ ഉപയോഗിച്ച് തട്ടിയെടുത്തതായി നടി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിനും മകള്‍ക്കുമെതിരെ വധഭീഷണിയുണ്ടെന്നും പരാതിയിലുണ്ട്.

സാമ്പത്തികാവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അതു വില്‍ക്കാന്‍ സഹായിക്കാമെന്ന് ബില്‍ഡര്‍ അളഗപ്പനും ഭാര്യയും വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും ഇരുപത്തിയഞ്ച് കോടിയോളം രൂപയുടെ സ്വത്തു തട്ടിയെടുത്തെന്നുമാണ് ഗൗതമി പരാതിയില്‍ പറയുന്നത്.

അളഗപ്പനെ സഹായിക്കുന്ന രാഷ്ട്രീയ ഗുണ്ടകളില്‍നിന്ന് തനിക്കും മകള്‍ സുബ്ബുലക്ഷ്മിക്കും വധഭീഷണിയുണ്ടെന്നും ഇത് മകളുടെ പഠനത്തെ ബാധിക്കുന്നെന്നും പരാതിയിലുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും സ്വത്തുക്കള്‍ വീണ്ടെടുത്തുതരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയില്‍ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version