Site icon Malayalam News Live

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന; ഗ്രാമിന് 75 രൂപ കൂടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് തിരിച്ചടി

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഇന്ന് സ്വർണവില വർധിച്ചു. 22 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപ വർധിച്ച് 14,395 രൂപയായി. ഇതോടെ ഒരു പവൻ വില 600 രൂപയുടെ വർധനവോടെ 115160 രൂപയിലേക്ക് എത്തി. കഴിഞ്ഞ ദിവസം 22 കാരറ്റിന് 65 രൂപയും 24 കാരറ്റിന് 71 രൂപയും കുറഞ്ഞിരുന്ന സ്ഥാനത്താണ് ഇന്ന് വീണ്ടും വിലവർധനവ് ഉണ്ടായിരിക്കുന്നത്. മെയ് 16, 17 തീയതികളിൽ മാറ്റമില്ലാതെ തുടർന്ന വിപണിയിൽ അതിനുമുമ്പുള്ള ദിവസങ്ങളിൽ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് പ്രകടമായത്.

അതേസമയം 24 കാരറ്റ് സ്വർണം ഗ്രാമിന് 82 രൂപയുടെ വർധനവോടെ 15704 രൂപയായി. പവന് 1,25,632 രൂപയാണ് ഇന്നത്തെ വിപണിവില. വിപണി നിരക്ക് 22 കാരറ്റിന് 115160 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണമായി വാങ്ങണമെങ്കില്‍ അതില്‍ കൂടുതല്‍ നല്‍കേണ്ടി വരും. പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ഉൾപ്പടെ നല്ലൊരു തുക തന്നെ ഒരു പവൻ സ്വർണം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ചിലവാകും.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,540 ഡോളർ മുതൽ 4,550 ഡോളർ എന്ന പരിധിയിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ വാരത്തിലുണ്ടായ വലിയ ഇടിവിൽ നിന്ന് വിപണി നേരിയ തോതിൽ തിരിച്ചുവരവ് നടത്തുന്നുണ്ടെങ്കിലും വിലയിൽ വലിയ ഉയർച്ചയോ താഴ്ചയോ ഇന്ന് പ്രകടമല്ല.

Exit mobile version