സ്വർണവിലയിൽ ആശ്വാസ ഇടിവ്; ഗ്രാമിന് 75 രൂപ കുറഞ്ഞു, ജൂൺ തുടക്കത്തിൽ തന്നെ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ

സ്വർണാഭാരണ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ട് ജൂണിലെ ആദ്യ ദിനത്തിലെ സ്വർണവ്യാപാരം. വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 14320 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 75 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 600 രൂപയോളം കുറഞ്ഞ് വില 114560 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ശനിയാഴ്ച പവൻ വില 115160 രൂപയായിരുന്നു.

18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11830 രൂപയാണ് നിരക്ക്. ഈ വിഭാഗത്തിലെ സ്വർണ്ണത്തിന് ശനിയാഴ്ചത്തെ വിലയിൽ നിന്നും മാറ്റമില്ലാതെ തുടരുകയാണ്. സാധാരണ വെള്ളി ഗ്രാമിന് 280 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഇത് 285 രൂപയായിരുന്നു (5 രൂപയുടെ കുറവ്). 925 ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില നിലവിൽ ലഭ്യമായിട്ടില്ല. കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ ഗ്രാമിന് പവന് 1,31,160 രൂപ എന്നതാണ് കേരള വിപണിയിലെ ഏറ്റവും ഉയർന്ന നിരക്ക്. കേരളത്തിലെ സ്വർണ്ണവിലയിലെ ഈ ഇടിവിന് പിന്നിൽ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രധാന കാരണം.

ആഗോള വിപണിയിൽ വരും ദിവസങ്ങളിൽ ഉണ്ടാകുന്ന സാമ്പത്തിക ഡാറ്റകളും കറൻസി മൂല്യങ്ങളിലെ മാറ്റങ്ങളും അനുസരിച്ചായിരിക്കും കേരളത്തിലെ വരും ദിവസങ്ങളിലെ സ്വർണ്ണ നിരക്ക് നിർണ്ണയിക്കപ്പെടുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, വൻവിലക്കയറ്റത്തിൽ നിന്ന് സ്വർണ്ണവില താഴേക്ക് ഇറങ്ങുന്നത് വിവാഹ സീസണിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.