Site icon Malayalam News Live

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഒരുലക്ഷം വീണ്ടും കടന്നു

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപ കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 1160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,00,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 145 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഗ്രാം വില 12,595 രൂപയായി. പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് സ്വർണവില ഒരുലക്ഷം കടക്കുന്നത്. വെനസ്വേലയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അട്ടിമറി നീക്കവും മഡുറോയുടെ അറസ്റ്റും അന്താരാഷ്ട്ര തലത്തില്‍ സൃഷ്ടിച്ച ആശങ്കകളുടെ ഭാഗമാകാം സ്വര്‍ണവിലയിലെ ഈ ഉയർച്ചയെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയര്‍ന്നിരുന്നു. 18 കാരറ്റിന് 1,760 രൂപ വര്‍ധിച്ച് 83,640 രൂപയായിട്ടുണ്ട്. 10455 രൂപയാണ് 18 കാരറ്റ് ഗ്രാം വില. രാജ്യാന്തര വിപണിയില്‍ 4332 ഡോളറായിരുന്നെങ്കില്‍ ഇന്ന് 4372 ഡോളറായി വര്‍ധിച്ചിട്ടുണ്ട്. വെളളി വിലയിലും ഇന്ന് വര്‍ധനവാണ് കാണുന്നത്. ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമാണ് വെള്ളിയുടെ വില.

വെനസ്വേല വിഷയം മാത്രമല്ല ഇന്ത്യയ്‌ക്കെതിരെ വീണ്ടും താരീഫ് ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ നികുതി ചുമത്തുമെന്നാണ് ഭീഷണി. ഇതും സ്വർണവില ഉയരാൻ കാരണമായെന്നാണ് വിലയിരുത്തൽ.

Exit mobile version