Site icon Malayalam News Live

തുടർച്ചയായ വിലയിടിവിന് ഫുൾ സ്റ്റോപ്പ്; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന, ഗ്രാമിന് കൂടിയത് 110 രൂപ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. അതിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ ഏഴ് തവണത്തെ കുറവിന് ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,16,320 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 14,540 രൂപയും. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്‌ത്‌ നോക്കുമ്പോള്‍ പവന് 880 രൂപയുടെയും ഗ്രാമിന് 110 രൂപയുടെയും വ്യത്യാസമുണ്ടായിട്ടുണ്ട്. ഇന്നലെ 1,15,440 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നത്.

18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ വ്യത്യാസമുണ്ട്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 11,945 രൂപയും പവന് 95,560 രൂപയുമാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രാമിന് 90 രൂപയുടെ വ്യത്യാസം ഉണ്ടായിട്ടുണ്ട്. വെള്ളിവിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായി ആയി കൂടിയിട്ടുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും ഡോളര്‍ ശക്തിപ്രാപിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയാകുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ വില ഇനി കൂടാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിലെ വിലക്കുറവിനെ പ്രതീക്ഷയോടെ കാണാന്‍ സാധിക്കില്ല. ഇന്നത്തെ വില വര്‍ധനവ് ചിലപ്പോള്‍ ഇനി മുന്നോട്ടുള്ള വിലക്കൂടുതലിന്റെ തുടക്കമാകാനാണ് സാധ്യത.

Exit mobile version