Site icon Malayalam News Live

രാജ്യത്തെ നടുക്കി വീണ്ടും ക്രൂരത; പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, ശേഷം കല്ലും ഇഷ്ടികയും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി, സമീപവാസികളായ രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി നരേലയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. സമീപവാസികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ‌

വ്യാഴാഴ്ച രാത്രി കാണാതായ കുട്ടിയെ വെള്ളിയാഴ്ചയാണു തൊട്ടടുത്ത പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബലാത്സംഗത്തിനു ശേഷം കുട്ടിയെ കല്ലും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നരേല സെക്ടർ ആറിൽ നിന്നും വ്യാഴാഴ്ച രാത്രി 9:45നാണ് കുട്ടിയെ കാണാതാവുന്നത്.

രാത്രി 12:30ന് കുട്ടിയെ കാണാനില്ലെന്നു നരേല പോലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകി. തുടർന്നു നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ തല തിരിച്ചറിയാനാവാത്ത വിധം തകർന്നു. വസ്ത്രത്തിലൂടെയാണ് ആളെ തിരിച്ചറിഞ്ഞതെന്നു പോലീസ് പറഞ്ഞു. സമീപത്തു താമസിക്കുന്ന ഫാക്ടറി തൊഴിലാളിയോടൊപ്പം കുട്ടിയെ കണ്ടിരുന്നുവെന്ന സമീപവാസികളുടെ മൊഴിയെത്തുടർന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി രാഹുൽ കുറ്റസമ്മതം നടത്തുകയായിരുന്നു.

പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തു.

Exit mobile version