Site icon Malayalam News Live

കൊച്ചി എളമക്കരയിൽ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; പെണ്‍കുട്ടി പീഡനത്തിനിരയായി, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. പെണ്‍കുട്ടി കഴിഞ്ഞ ഒരു വര്‍ഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പോലും പീഡനം നടന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കുട്ടിയെ ഉപദ്രവിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. സംഭവത്തില്‍ എളമക്കര പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടിയുടെ പിതാവും സംശയനിഴലിലാണ്. നിരന്തരം മദ്യപിക്കുന്നയാളാണ് പിതാവ്. കഴിഞ്ഞ മാസം 16ആം തിയതിയാണ് എളമക്കരയിലെ വാടകവീട്ടില്‍ മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ കുട്ടിയുടെ സ്വകാര്യ ഭാഗത്തടക്കം മുറിവുള്ളതായി പരാമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഇത് ഗൈനക്കോളജിസ്റ്റിന് കൈമാറുകയും ചെയ്തിരുന്നു. അന്തിമ റിപ്പോര്‍ട്ടിലാണ് കുട്ടി നേരിട്ടത് കൊടുംക്രൂരതയെന്ന് തെളിയിക്കുന്ന പരാമര്‍ശങ്ങളുള്ളത്.

സംഭവം നടക്കുന്ന സമയത്ത് അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. മടങ്ങിയെത്തിയപ്പോഴായിരുന്നു യുവതി ഭര്‍ത്താവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മകളെ കിടക്കയില്‍ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങി നില്‍ക്കുന്ന രീതിയിലുമായിരുന്നു കണ്ടെത്തിയത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്‍റെ നിഗമനം.

Exit mobile version