Site icon Malayalam News Live

കരയുദ്ധം ‘നീണ്ടുനില്‍ക്കുന്നതും ബുദ്ധിമുട്ടേറിയതും’ ആയിരിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി; യുദ്ധം രണ്ടാം ഘട്ടത്തിലേക്കെന്ന് നെതന്യാഹു, 8000 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സാ വൃത്തങ്ങള്‍

സ്വന്തം ലേഖകൻ

ജെറുസലം: ഗസ്സയ്ക്കു നേരെയുള്ള യുദ്ധത്തിന്റെ രണ്ടാംഘട്ടമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ച കരയാക്രമണം ഇസ്രയേല്‍ കൂടുതല്‍ ശക്തമാക്കി.

കരയുദ്ധം ബുദ്ധിമുട്ടേറിയതായിരിക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞത്. ഗസ്സയിലെ യുദ്ധം ‘നീണ്ടുനില്‍ക്കുന്നതും ബുദ്ധിമുട്ടേറിയതു’മായിരിക്കുമെന്ന് നെതന്യാഹു ഞായറാഴ്ച പറഞ്ഞു.

സൈനികനടപടി അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. അതേസമയം ഹമാസ് താവളങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ആക്രമണത്തില്‍ ഗസ്സയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏതാണ്ടു പൂര്‍ണമായും നിലച്ചിരിക്കയാണ്. ഇന്നലെ വൈകിട്ടോടെ ഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചു തുടങ്ങിയതായി ഫലസ്തീൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 8000 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഖുദ്‌സ് ഹോസ്പിറ്റലിനു സമീപം ഇസ്രയേല്‍ ബോംബാക്രമണം നടത്തി. ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രയേലിന്റെ സന്ദേശം ലഭിച്ചതായി റെഡ് ക്രസന്റ് പ്രതിനിധി വെളിപ്പെടുത്തി. ഇസ്രയേല്‍ പട്ടാള വക്താവ് പ്രതികരിച്ചില്ല.

റഫ ഇടനാഴി വഴി കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാൻ തയാറാണെന്നും ജനങ്ങള്‍ തെക്കൻഗസ്സയിലേക്കു മാറണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഖാൻ യൂനിസ് കേന്ദ്രീകരിച്ച്‌ ഒരു സുരക്ഷാ സഹായ മേഖല ഒരുക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയവക്താവ് പറഞ്ഞു. എന്നാല്‍ ഒരിടവും സുരക്ഷിതമല്ലാത്തവിധം ഇസ്രയേല്‍ ബോംബിങ് തുടരുകയാണെന്നു ജനങ്ങള്‍ പറയുന്നു

Exit mobile version