Site icon Malayalam News Live

ആക്രമണം കനപ്പിച്ചു ; വടക്കൻ ഗസ്സയില്‍ വ്യാപക നശീകരണവും കൂട്ടക്കൊലയും നടത്തിയ ഇസ്രായേല്‍, തെക്കൻ ഗസ്സയിലേക്കും വ്യോമാക്രമണം വ്യാപിപ്പിക്കുന്നു.

 

 

ഗസ്സ : ഇന്നലെ രാത്രി ഖാൻ യൂനിസിന്റെ കിഴക്കൻ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. നിരവധി വീടുകള്‍ നശിപ്പിച്ചു. കൃഷിഭൂമിക്ക് നേരെയും വ്യാപക അക്രമം അരങ്ങേറി. വടക്കൻ ഗസ്സയില്‍ നടന്നതിന് സമാനമായി തെക്കൻ ഗസ്സയിലും കരയാക്രമണത്തിന് വഴിയൊരുക്കുന്നതിനാണ് ഈ നീക്കമെന്ന് കരുതുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെക്ക് ഭാഗത്തും തങ്ങളുടെ സൈനികനീക്കം വിപുലീകരിക്കുമെന്ന് അധിനിവേശ സേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. കരസേനയ്ക്ക് മുന്നോട്ട് പോകാൻ വഴിയൊരുക്കുന്നതിനാണ് ഇപ്പോഴുള്ള ശ്രമമെന്ന് കരുതുന്നു. ഗസ്സയുടെ വടക്കും തെക്കുമായി ഇന്നലെ ഇരുനൂറിലേറെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി ഇസ്രായേല്‍ പറഞ്ഞിരുന്നു. ദക്ഷിണ ഗസ്സ നഗരമായ ഖാൻ യൂനുസില്‍ ജനങ്ങളോട് കൂടുതല്‍ തെക്കോട്ട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട് ഇസ്രായേല്‍ ആകാശത്തുനിന്ന് ലഘുലേഖകള്‍ വിതരണം ചെയ്തതും തെക്കൻ ഗസ്സയും നശിപ്പിക്കാനുള്ള മുന്നൊരുക്കമായി കരുതുന്നു.

ആയിരക്കണക്കിന് ജനങ്ങള്‍ ദക്ഷിണ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ അഭയം തേടി. ശുജാഇയ മേഖലയില്‍ വീടുകള്‍ക്കുമേല്‍ ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തി. അതിര്‍ത്തി ക്രോസിങ് നഗരമായ റഫയിലും ആക്രമണം നടത്തി. തങ്ങളുടെ ചുറ്റും ആളുകള്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഇന്തോനേഷ്യയില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകൻ ഫിക്രി റഫിയുല്‍ ഹഖ് പറഞ്ഞു. ഇസ്രായേല്‍ സൈന്യം നശിപ്പിച്ച ഇന്തോനേഷ്യൻ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്ന റഫിയുല്‍ ഹഖ്, ഇപ്പോള്‍ സൗത്ത് ഗസ്സയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അഭയാര്‍ഥികള്‍ക്കൊപ്പം കഴിയുകയാണ്.

” ഗസ്സ മുനമ്ബില്‍ ഉടനീളം നടക്കുന്ന ബോംബാക്രമണത്തിന്റെ ശബ്ദം ഇപ്പോള്‍ കേള്‍ക്കാം, ഞങ്ങള്‍ക്ക് ചുറ്റും ആളുകള്‍ മരിക്കുന്നു” -അദ്ദേഹം അല്‍ ജസീറയോട് പറഞ്ഞു. ഇസ്രായേല്‍ സേന ഇന്തോനേഷ്യ ഹോസ്പിറ്റല്‍നിന്ന് രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതിനെ തുടര്‍ന്ന് ശേഷം കഴിഞ്ഞ ഏഴ് ദിവസമായി ഇവര്‍ ക്യാമ്ബിലാണ് കഴിയുന്നത്.

Exit mobile version