Site icon Malayalam News Live

ഗ്യാസ് ബുക്കിംഗിന്റെ പേരിൽ തട്ടിപ്പ്; ഉടമ അറിയാതെതന്നെ അക്കൗണ്ടില്‍ നിന്ന് പണം പോകുമെന്ന് പൊലീസ്

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്ത് സിലിണ്ടർ ബുക്കിംഗിന്റെയും ബില്‍ അപ്‌ഡേഷന്റെയും പേരില്‍ സൈബർ തട്ടിപ്പ് സജീവമാകുന്നുവെന്ന് കേരള പൊലീസ്.

 

ഉപഭോക്താവ് അറിയാതെതന്നെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്ന തട്ടിപ്പാണ് നടക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. സമൂഹമാദ്ധ്യമത്തിലൂടെ പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

 

 

 

പോസ്റ്റിന്റെ പൂർണരൂപം

 

 

 

ഗ്യാസ് ബുക്കിംഗിന്റെ പേരില്‍ സൈബർ തട്ടിപ്പ്

 

 

 

ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെയും ബില്‍ അപ്‌ഡേഷന്റെയും പേരില്‍ സൈബർ തട്ടിപ്പ് സജീവമാകുന്നു. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ആദ്യം മൊബൈല്‍ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം വരുന്നു. തുടർന്ന് വാട്സാപ്പ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാർ ഒരു APK ഫയല്‍ അയച്ചു നല്‍കി ഗ്യാസ് ബുക്കിംഗ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനോ കുടിശ്ശിക തീർക്കാനോ അത് ഇൻസ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെടും. ഈ APK ഫയല്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങളും UPI പിൻ നമ്പറുകളും ചോർത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയും ചെയ്യും.

 

 

 

തട്ടിപ്പിനിരയാകാതിരിക്കാനുള്ള ജാഗ്രത നിർദ്ദേശങ്ങള്‍

 

 

 

അപരിചിത ലിങ്കുകള്‍ ഒഴിവാക്കുക: വാട്സാപ്പ് വഴിയോ എസ്.എം.എസ് വഴിയോ ലഭിക്കുന്ന APK ഫയലുകള്‍ യാതൊരു കാരണവശാലും ഇൻസ്റ്റാള്‍ ചെയ്യരുത്.

 

സിലിണ്ടർ ബുക്കിംഗിനും പേയ്‌മെന്റിനുമായി ഗ്യാസ് ഏജൻസികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ മൊബൈല്‍ ആപ്പുകളോ മാത്രം ഉപയോഗിക്കുക.

 

അടിയന്തര സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ പരിഭ്രാന്തരാകാതെ അതിന്റെ സത്യാവസ്ഥ നേരിട്ട് ഏജൻസിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.

 

ബാങ്ക് വിവരങ്ങളോ പാസ്‌വേഡുകളോ അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ നല്‍കരുത്.

 

സൈബർ തട്ടിപ്പിന് ഇരയായാല്‍ ഉടൻതന്നെ 1930 എന്ന ഹെല്‍പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടല്‍ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

 

Exit mobile version