Site icon Malayalam News Live

മനുഷ്യക്കുരുതി തുടര്‍ന്ന് ഇസ്രായേല്‍;ഒരാഴ്ചത്തെ വെടിനിര്‍ത്തലിന് ശേഷം ഇസ്രായേല്‍ വീണ്ടും ആക്രമണം തുടങ്ങിയപ്പോള്‍ ഗസ്സയില്‍ ഇന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി.

 

ഗസ്സ: ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴ് വരെയായിരുന്നു ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറുണ്ടായിരുന്നത്. ഈ സമയപരിധി അവസാനിച്ചതിന്‍റെ അടുത്ത നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇസ്രായേല്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്തി.വടക്കൻ ഗസ്സയില്‍ രണ്ട് പേര്‍, സെൻട്രല്‍ ഗസ്സയില്‍ ഏഴ് പേര്‍, തെക്കൻ ഗസ്സയില്‍ 12 പേര്‍ എന്നിങ്ങനെയാണ് ഇന്ന് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസില്‍ വിവിധയിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേല്‍ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

റഫായിലേക്ക് നീങ്ങാനാണ് പ്രദേശത്ത് വിതറിയ ലഘുലേഖകളിലൂടെ ആവശ്യപ്പെട്ടതെന്നും, എന്നാല്‍ റഫായിലും ആക്രമണമുണ്ടെന്നും ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു. ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വെടിനിര്‍ത്തല്‍ അവസാനിച്ച അടുത്ത നിമിഷം തന്നെ ഇസ്രായേല്‍ ഗസ്സയില്‍ ബോംബിട്ടത്. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ആരോപണം. കുട്ടികളേയും സ്ത്രീകളേയും പൂര്‍ണമായും വിട്ടയച്ചില്ല. ഇതിന് പുറമേ ഇസ്രായേലിന് നേരെ ഹമാസ് ആക്രമണം നടത്തിയെന്നും നെതന്യാഹു ആരോപിച്ചു.

ഒത്തുതീര്‍പ്പുകളില്ലാതെ ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെൻ ഗ്വിര്‍ പറഞ്ഞു. ഗസ്സയെ എല്ലാ ശക്തിയുമുപയോഗിച്ച്‌ തരിപ്പണമാക്കും. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇനിയും തിരിച്ചെത്താത്ത കുട്ടികള്‍ക്കും വേണ്ടി തങ്ങളത് ചെയ്യുമെന്നും ബെൻ ഗ്വിര്‍ പറഞ്ഞു.ഒരാഴ്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴിനാണ് (പ്രാദേശികസമയം) അവസാനിച്ചത്.

രണ്ടുദിവസത്തേക്കുകൂടി വെടിനിര്‍ത്തല്‍ നീട്ടാൻ ഖത്തറും ഈജിപ്തും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.  ഹമാസ് ബന്ദികളാക്കിയ മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാതെ ഇനി വെടിനിര്‍ത്തലിനില്ലെന്ന നിലപാട് ഇസ്രായേല്‍ സ്വീകരിച്ചുവെന്നാണ് വിവരം. എന്നാല്‍, മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേലി ജയിലുകളിലെ എല്ലാ തടവുകാരെയും വിട്ടയക്കണമെന്നാണ് ഹമാസ് നിലപാട്.

Exit mobile version