മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയം;ഗസ്സയിലെ കൂട്ടക്കൊല ഇസ്രായേല്‍ അവസാനിക്കാത്ത പക്ഷം ബന്ദികളെ വിട്ടയക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കില്ലെന്നും ഹമാസ് വ്യക്തമാക്കി; ഗസ്സയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍.

 

ഗാസ : ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാരോപിച്ച്‌ ഖത്തറിന്റെ മധ്യസ്ഥത്തില്‍ ശനിയാഴ്ച നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ നിന്ന് ഇസ്രായേല്‍ പിൻമാറിയിരുന്നു. ഗസ്സയിലെ അഭയാര്‍ഥി ക്യാമ്ബുകളെയും അവശേഷിക്കുന്ന ആശുപത്രികളെയും ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ബോംബാക്രമണം പുനരാരംഭിച്ചത്. ഗസ്സയില്‍ ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ആക്രമണം തുടങ്ങിയതു മുതല്‍ ഇതുവരെ 15,207 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ 1200 പേരും.

ഐൻ അല്‍ സുല്‍ത്താൻ അഭയാര്‍ഥി ക്യാമ്ബിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അഭയാര്‍ഥി ക്യാമ്ബിന്റെ തെരുവുകളിലൂടെ നിരവധി ഇസ്രായേല്‍ സൈനിക വാഹ്നങ്ങള്‍ കറങ്ങിനടക്കുന്നത് കാണാം. സൈന്യം വീടുകളില്‍ നിരന്തരം റെയ്ഡ് നടത്തുകയാണ്. കഴിഞ്ഞ ദിവസം 21 വയസുള്ള ഫലസ്തീനി യുവാവ് വെടിയേറ്റു മരിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഒക്ടോബര്‍ ഏഴുമുതല്‍ നിരന്തരം റെയ്ഡ് നടക്കുന്നുണ്ട്. ഇതുവരെയായി 254 ഫലസ്തീനികളാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്.

അതിനിടെ തെക്കൻ ഗസ്സയിലെ ഖാൻ യുനിസിലെ ചില പ്രദേശങ്ങളില്‍ നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. സിവിലിയൻമാര്‍ കൊല്ലപ്പെടാതിരിക്കാൻ വേണ്ടിയാണിതെന്നാണ് ഇസ്രായേല്‍ വാദം. വെള്ളിയാഴ്ച മുതല്‍ ആയിരക്കണക്കിന് അക്കങ്ങളുള്ള ബ്ലോക്കുകളായി തിരിച്ചിരിക്കുന്ന ഗാസയുടെ ഭൂപടം കാണിക്കുന്ന ലഘുലേഖകള്‍ ഇസ്രായേല്‍ സൈന്യം അവിടവിയൊയി ഇടാൻ തുടങ്ങി. ഓരോ പേപ്പറിനും മാപ്പിലേക്ക് ലിങ്ക് ചെയ്യുന്ന ഒരു ക്യുആര്‍ കോഡ് ഉണ്ട്.

താമസക്കാരോട് കോഡ് സ്കാൻ ചെയ്യാനും അവരുടെ പ്രദേശം തിരിച്ചറിയാനും ആവശ്യപ്പെടുന്നു. അവര്‍ അവരുടെ വീടിന്റെ മേഖലയെ ലക്ഷ്യം വച്ചാല്‍ ഇസ്രായേലി സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാൻ കഴിയും. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ ഇത് കൃത്യമായി ചെയ്യാൻ ഫലസ്തീനികള്‍ക്ക് സാധിക്കുന്നുമില്ല. ഇസ്രായേല്‍ തകര്‍ത്തെറിഞ്ഞ വടക്കൻ ഗസ്സയില്‍ നിന്ന് അഭയം തേടി തെക്കൻ ഗസ്സയിലെത്തിയവര്‍ ഇനിയെങ്ങോട്ടു പോകുമെന്ന ചോദ്യങ്ങളും ബാക്കിയാണ്. തെക്കൻ ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 30 പേരാണ് മരിച്ചത്.