Site icon Malayalam News Live

റാന്നിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അസം സ്വദേശി മരിച്ചു; സിലിണ്ടർ ഓൺ ചെയ്ത് മാറി നിന്നശേഷം പിന്നീട് ഗ്യാസടുപ്പ് കത്തിക്കാൻ ശ്രമിച്ചതാണ് സ്ഫോടനത്തിനിടയാക്കിയതെന്ന് പോലീസ്

പത്തനംതിട്ട : റാന്നി പോസ്റ്റാഫീസിനു സമീപം അതിഥി തൊഴിലാളിയുടെ മുറിയിലെ സ്ഫോടനത്തിന് പിന്നില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി. ഇന്ന് നടന്ന പരിശോധനയിലാണ് സ്ഫോടനത്തിനു കാരണം ഗ്യാസ് സിലിണ്ടര്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്.

സ്ഫോടനത്തില്‍ ഗുരുതര പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അസം സ്വദേശിയായ ഗണേഷ് മരിച്ചു.

ഗണേഷ് സിലിണ്ടര്‍ ഓണ്‍ ചെയ്ത് മാറി നിന്ന ശേഷം പിന്നീട് ഗ്യാസ് അടുപ്പ് കത്തിക്കാന്‍ ശ്രമിച്ചതാണ് സ്ഫോടനത്തിന് ഇടയാക്കിയതെന്ന് റാന്നി ഡിവൈഎസ്പി ആര്‍.ജയരാജ്  പറഞ്ഞു. അശ്രദ്ധയാണ് അപകടത്തിന് വഴിവച്ചതെന്നും ഡിവൈഎസ്പി പറഞ്ഞു.

ഉഗ്രസ്ഫോടനത്തെ തുടര്‍ന്ന് ഗണേഷിന് ഗുരുതര പരുക്കേറ്റിരുന്നു. മുറിയുടെ കതക് ദൂരത്തേക്ക് തെറിച്ചുപോയി. ജനല്‍ ചില്ലും തകർന്നു. പൊലീസ് എത്തിയാണ് ആദ്യം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയത്.

 

Exit mobile version