Site icon Malayalam News Live

ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം കഞ്ചാവ് കടത്തുകാരുടെ പ്രധാന കേന്ദ്രമാകുന്നു; കഞ്ചാവുമായി 4 യുവാക്കളെ പോലീസ് പിടികൂടി, കഞ്ചാവ് എത്തുന്നത് കമ്പത്ത് നിന്നും കുമളി വഴി, എത്തിക്കുന്നത് പുലർച്ചെ ജോലിക്കെത്തുന്ന തമിഴ്നാട് സ്വദേശികൾ, മുണ്ടക്കയത്ത് പ്രത്യേക പരിശോധനയ്ക്ക് ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കം

മുണ്ടക്കയം: ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം വീണ്ടും കഞ്ചാവ് കടത്തുകാരുടെ പ്രധാന കേന്ദ്രം ആകുന്നു. തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് കൈമാറുന്നതും വിൽപനയ്ക്കായി പല പൊതികളിൽ ആക്കുന്നതുമെല്ലാം ഇവിടെ നിന്നു തന്നെ.

കഴിഞ്ഞ ദിവസം ഒരു കിലോയിൽ അധികം കഞ്ചാവുമായി 4 യുവാക്കളെ പോലീസ് പിടികൂടിയതാണ് ഒടുവിലെ സംഭവം. എക്സൈസ് പരിശോധനകൾ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം. കമ്പത്ത് നിന്നും കഞ്ചാവ് കുമളി വഴി കടത്തിയാണ് മറ്റ് ജില്ലകളിലേക്ക് എത്തിക്കുന്നത്.

മുമ്പ് വാഹനങ്ങളിൽ കേരള തമിഴ്നാട് ചെക്ക് പോസ്റ്റ് കടത്തി കഞ്ചാവ് നേരിട്ട് എത്തിക്കുന്നതായിരുന്നു രീതി. എന്നാൽ, പരിശോധനകൾ ശക്തമായതോടെ മൊത്ത വിതരണക്കാർ റൂട്ട് മാറ്റി. കമ്പത്തുനിന്ന് സംസ്ഥാന അതിർത്തിയുടെ സമീപം വരെ എത്തിക്കുന്ന കഞ്ചാവ് പുലർച്ചെ ജോലിക്കായി അതിർത്തി വഴി നടന്നെത്തുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ മുഖേന അതിർത്തി കടത്തി കുമളിയിൽ എത്തിക്കും.

ഇവിടെ നിന്നും കേരളത്തിലെ ആളുകൾക്ക് കഞ്ചാവ് കൈമാറും. കോവിഡ് കാലത്തിനു മുമ്പ് ബസ് സ്റ്റാൻഡിൽ നടത്തിയിരുന്ന പരിശോധനയിൽ ആഴ്ചയിൽ ശരാശരി മൂന്ന് ആളുകളെങ്കിലും കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായിരുന്നു.

എന്നാൽ, ഇപ്പോൾ പരിശോധനകൾ പലപ്പോഴും നടക്കാറില്ല. റോഡിൽ വാഹന പരിശോധനകൾ ശക്തമായതോടെയാണു കഞ്ചാവ് കടത്തുകാർ ബസുകളിൽ യാത്ര തുടരുന്നത്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങളിൽ യുവാക്കൾ കഞ്ചാവ് കടത്തുന്നതായാണു വിവരം.

കേരള –തമിഴ്നാട് അതിർത്തി കടന്നാൽ പിന്നെ വഴിയിലെ പോലീസ് എക്സൈസ് പരിശോധന മാത്രമാണ് ഉണ്ടായിരുന്നത്. കോട്ടയം, ഇടുക്കി ജില്ലയുടെ അതിർത്തിയിൽ മുണ്ടക്കയത്ത് പ്രത്യേക പരിശോധനയ്ക്ക് ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.

വാഹനപരിശോധനയ്ക്കിടെ രഹസ്യവിവരം കിട്ടുന്ന കേസുകൾ മാത്രമാണ് പിടിക്കപ്പെടുന്നത്. അതിർത്തി കടന്നെത്തുന്ന പച്ചക്കറി വാഹനം, കാള ചന്തകളിലേക്കു വരുന്ന ലോറികൾ ഇവയൊന്നും പലപ്പോഴും പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല.

Exit mobile version