Site icon Malayalam News Live

ട്രെയിനില്‍ കഞ്ചാവ് കടത്ത്; എറിഞ്ഞ് കൊടുത്ത പൊതികള്‍ ശേഖരിക്കുന്നതിനിടെ യുവതി പിടിയില്‍

കൊച്ചി: ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞു കൊടുത്ത കഞ്ചാവ് പൊതികള്‍ കൈപ്പറ്റുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്പാശേരി പോലീസ് പിടികൂടി.

ട്രെയിനിന്റെ ജനലിലൂടെ ചില പൊതികള്‍ പുറത്തേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഉടൻ തന്നെ പോലീസില്‍ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ്, ഈ പൊതികള്‍ ശേഖരിച്ച്‌ മടങ്ങുകയായിരുന്ന യുവതിയെ കണ്ടെത്തിയത്.

യുവതിയുടെ ബാഗില്‍ നാല് പൊതികളിലായി ആകെ 8 കിലോ കഞ്ചാവ് ഉണ്ടായിരുന്നു. തീവണ്ടിയില്‍ നിന്ന് എറിഞ്ഞുകൊടുത്ത കഞ്ചാവാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.

റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധനകള്‍ കർശനമാക്കിയ പശ്ചാത്തലത്തില്‍ കഞ്ചാവ് കടത്തുകാർ സ്വീകരിച്ച പുതിയ തന്ത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആളൊഴിഞ്ഞ പ്രദേശങ്ങള്‍ മുൻകൂട്ടി കണ്ടെത്തിയ ശേഷം, ട്രെയിൻ ആ സ്ഥലത്തെത്തുമ്പോള്‍ കഞ്ചാവ് പൊതികള്‍ പുറത്തേക്ക് എറിയും.

ശേഷം, പുറത്ത് കാത്തുനില്‍ക്കുന്ന സംഘാംഗം അത് ശേഖരിച്ച്‌ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയാണ് പതിവ്. ഈ രീതിയില്‍ യുവതി മുൻപും കഞ്ചാവ് കടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച്‌ പോലീസ് അന്വേഷണം ഊർജിതമാക്കി.

Exit mobile version