Site icon Malayalam News Live

ഇറാനും അമേരിക്കയും സമാധാന പാതയിൽ; ക്രൂഡ് വില മൂക്കുകുത്തി; ഇന്ത്യയിൽ പാചക വാതക വില കുറഞ്ഞേക്കും; ഇന്ധനവിലയില്‍ ആശ്വാസം ഉടനെയില്ല

കൊച്ചി: ഹോര്‍മുസ് ഇടനാഴി പൂര്‍ണമായും തുറക്കുന്നതും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദനം സാധാരണ നിലയിലാകുന്നതും ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസമാകും.

ഇറാനും അമേരിക്കയും സമാധാന പാതയിലായതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ് ബാരലിന് 80 ഡോളറിന് താഴെയെത്തി. ജൂണ്‍ 19 മുതല്‍ ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം പൂര്‍വ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് ഇടനാഴി ഇറാന്‍ അടച്ചതോടെയാണ് ആഗോള ഇന്ധന പ്രതിസന്ധി അതിരൂക്ഷമായത്. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഗള്‍ഫ് മേഖലയില്‍ നിന്ന് ഹോര്‍മുസിലൂടെയാണ് ഇന്ത്യയ്ക്ക് ആവശ്യമായ മൊത്തം ക്രൂഡില്‍ 40 ശതമാനവും എത്തിയിരുന്നത്.

ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയതിനു ശേഷം ഗള്‍ഫ് ക്രൂഡിന്റെ വരവ് കുത്തനെ കുറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള വരവ് പിന്നീട് മെച്ചപ്പെട്ടുവെങ്കിലും ഇറാഖ്, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സപ്‌ളൈ പൂര്‍ണമായും നിലച്ചു.

അടുത്ത വാരത്തോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇന്ത്യയിലെത്തും.

Exit mobile version