പത്തനംതിട്ട: ചൂട് കനത്തതോടെ വിപണിയില്‍ പഴവർഗങ്ങള്‍ക്ക് ആവശ്യക്കാരേറി.
ഇതോടെ വിലയും കൂടി. ആപ്പിളിനും മുന്തിരിക്കും വില ഇരട്ടിയിലധികം വർദ്ധിച്ചു. ഊട്ടി, മൈസൂർ, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പഴങ്ങള്‍ എത്തുന്നത്. അവിടെ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതിനാല്‍ ഇത്തവണ വിളവ് കുറവാണെന്ന് കച്ചവടക്കാർ പറഞ്ഞു.
എന്നാല്‍ വിപണിയിലെ വിലയുടെ പകുതിപോലും കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ഇറക്കുമതി ചാർജും ജി.എസ്.ടിയുമെല്ലാം ചേർക്കുമ്പോഴാണ് ഇത്രയും വിലയാകുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വ്യത്യസ്തയിനം ആപ്പിളുകളാണ് ഇപ്പോള്‍ വിപണിയിലെ താരം. ഇതില്‍ ഇന്ത്യൻ ആപ്പിള്‍ ഇല്ലെന്നാണ് വ്യാപാരികളുടെ വാദം.
യു.എസ് ആപ്പിളിന് 300മുതല്‍ 280 രൂപവരെയാണ് വില. ന്യൂസിലൻഡിന് 260- 280, ഇറ്റലിക്ക് 280, തൂർക്കിക്ക് 240 – 260, ഇറാൻ 220 , ന്യൂസിലൻഡ് പിങ്ക് ലേഡി 280 രൂപ എന്നിങ്ങനെയാണ് വില. മധുരം കൂടിയും കുറഞ്ഞും പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാൻ കഴിയുന്ന ആപ്പിളുകളും ഇക്കൂട്ടത്തിലുണ്ട്.
