Site icon Malayalam News Live

പാകം ചെയ്ത ഭക്ഷണങ്ങൾ മാത്രമല്ല, പച്ചക്കറികളും, ഭക്ഷ്യവസ്തുക്കളും പാക്കറ്റിൽ വരുന്ന ഭക്ഷണ സാധനങ്ങളും നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്; അതുകൊണ്ട് തന്നെ അടുക്കളയിൽ ഒരുപാട് ഉപയോഗമുള്ള ഒന്നാണ് റെഫ്രിജറേറ്റർ; ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കാം

ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് റെഫ്രിജറേറ്റർ. പാകം ചെയ്ത ഭക്ഷണങ്ങൾ മാത്രമല്ല, പച്ചക്കറികളും, ഭക്ഷ്യവസ്തുക്കളും പാക്കറ്റിൽ വരുന്ന ഭക്ഷണ സാധനങ്ങളും നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ അടുക്കളയിൽ ഒരുപാട് ഉപയോഗമുള്ള ഒന്നാണ് റെഫ്രിജറേറ്റർ.

എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യസാധനങ്ങൾ കേടായിപ്പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കേടായ ഭക്ഷണസാധനങ്ങൾ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ അത് ഭക്ഷ്യജന്യ രോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കാം.

പച്ചക്കറികൾ 

വാങ്ങിയപാടെ പച്ചക്കറികൾ ഫ്രിഡ്ജിലേക്ക് വെക്കുന്നവരാണ് നമ്മളിൽ അധികപേരും. ഓരോ പച്ചക്കറികൾക്കും വ്യത്യസ്ത രീതികളിലാണ് പരിപാലനം വേണ്ടത്. അതുകൊണ്ട് തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം. ഉരുളക്കിഴങ്ങും, സവാളയും ഫ്രഡ്ജിൽ സൂക്ഷിക്കേണ്ടവയല്ല.

എന്നാൽ ക്യാരറ്റ്, റാഡിഷ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടവയാണ്. ഇവ സൂക്ഷിക്കുമ്പോൾ പ്ലാസ്റ്റിക് കവറിലോ മറ്റ് പേപ്പർ ബാഗിലോ പൊതിയാൻ പാടില്ല.

ഇനി ഇല പച്ചക്കറികൾ ആണെങ്കിൽ അവ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

വൃത്തിയാക്കുക

എല്ലാതരം പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴുകേണ്ടതില്ല. ചിലതിൽ ഈർപ്പം ഉണ്ടായാൽ പെട്ടെന്ന് കേടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പച്ചക്കറികളായ കോളിഫ്ലവർ, ക്യാരറ്റ് പഴവർഗ്ഗങ്ങളായ ഓറഞ്ച്, പേരക്ക എന്നിവ കഴുകരുത്. ഇത്തരം ഭക്ഷണ സാധനങ്ങളിൽ ഈർപ്പം ഉണ്ടായാൽ അതുമൂലം ബാക്റ്റീരിയകൾ ഉണ്ടാവുകയും അത് കഴിച്ചാൽ നമുക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

ഫ്രിഡ്ജിലെ തട്ടുകൾ 

ഫ്രിഡ്ജിനുള്ളിൽ പലതരം തട്ടുകളാണുള്ളത്. ഓരോ വസ്തുക്കളും വെവ്വേറെയായി സൂക്ഷിക്കാൻ വേണ്ടിയാണ് ഈ സംവിധാനം ഫ്രിഡ്ജിനുള്ളിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഭക്ഷണ വസ്തുക്കളുടെ സ്വഭാവം മനസ്സിലാക്കി വേണം ഓരോന്നും സൂക്ഷിക്കേണ്ടത്. ഇത് നിങ്ങളുടെ ഭക്ഷണ സാധനകളെ ഫ്രഷ് ആയിരിക്കാൻ സഹായിക്കും.

ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കാം 

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ എപ്പോഴും വിട്ടുപോകുന്ന കാര്യമാണ് സാധനങ്ങൾ അടച്ചുസൂക്ഷിക്കുന്നത്. പാകം ചെയ്ത ഭക്ഷണങ്ങൾ നിർബന്ധമായും അടച്ചുവെക്കേണ്ടതുണ്ട്. ഭക്ഷണ സാധനങ്ങൾ തുറന്നുവെക്കുമ്പോൾ അത് എളുപ്പത്തിൽ കേടാവുകയും ഫ്രിഡ്ജിലെ മറ്റ് ഭക്ഷ്യവസ്തുക്കളെക്കൂടെ കേടാക്കുകയും ചെയ്യുന്നു.

അധികമായി പൊതിയരുത് 

ഭക്ഷ്യവസ്തുക്കൾ പൊതിഞ്ഞുസൂക്ഷിക്കുന്നത് നല്ലതാണെങ്കിലും കൂടുതൽ ഇറുകുന്ന രീതിയിൽ പൊതിയരുത്. ഇത് ഭക്ഷണവസ്തുക്കൾ എളുപ്പത്തിൽ ചീഞ്ഞു പോകാൻ കാരണമാകും.

Exit mobile version