Site icon Malayalam News Live

പെൻഷൻ പാസ്ബുക്ക് ഓൺലൈനായി പുതുക്കി നൽകുമെന്ന് വാഗ്ദാനം; ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത് 5.38 ലക്ഷം രൂപ

ആലപ്പുഴ: വിരമിച്ച ബാങ്ക് ജീവനക്കാരന്റെ അക്കൗണ്ടിൽനിന്ന് പെൻഷൻ പാസ്ബുക്ക് ഓൺലൈനായി പുതുക്കി നൽകുമെന്നു വാഗ്ദാനം ചെയ്തു 5.38 ലക്ഷം രൂപ തട്ടിയെടുത്തു.

 

എസ്ബിഐയിൽ നിന്നു സീനിയർ സ്പെഷൽ അസിസ്റ്റന്റായി വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ എഴുപത്തിമൂന്നുകാരനാണു പണം നഷ്ടപ്പെട്ടത്. പെൻഷൻ പാസ് ബുക്ക് പുതുക്കി നൽകുമെന്ന സമൂഹമാധ്യമ പരസ്യം കണ്ടു ജനുവരി 31നു രാത്രി 10നാണ് പരാതിക്കാരൻ അതിനൊപ്പമുള്ള ലിങ്കിൽ കയറി റജിസ്റ്റർ ചെയ്തത്.

 

വീട്ടിൽ നിന്ന് എസ്ബിഐ ശാഖയിലേക്കു ദൂരം കുറവാണെങ്കിലും പക്ഷാഘാതം വന്നു കിടപ്പിലായതിനാൽ യാത്ര ചെയ്യാൻ കഴിയാത്തതിനാലാണ് പരസ്യത്തിൽ വിശ്വസിച്ചു ലിങ്കിൽ ക്ലിക് ചെയ്തത്. പിറ്റേന്നു രാവിലെ 10നു വാട്സാപ്പിൽ വിളിച്ച് അപേക്ഷാഫോം പൂരിപ്പിക്കാൻ ആവശ്യപ്പെട്ടു. പെൻഷൻ ബുക്ക് വാങ്ങാൻ ഇങ്ങനൊരു അപേക്ഷ ആവശ്യമില്ലെന്ന് അറിയാവുന്നതിനാൽ സംശയം തോന്നി കോൾ കട്ട് ചെയ്തു.

 

എന്നാൽ, അപ്പോഴേക്കും ബാങ്ക് അക്കൗണ്ടിൽ നിന്ന് 7 തവണകളായി 5,38,498 രൂപ തട്ടിപ്പുകാർ കൈക്കലാക്കിയിരുന്നു. ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങിയതായി ഇൻസ്പെക്ടർ വി.ഡി.റെജിരാജ് പറഞ്ഞു.

Exit mobile version